എളമരം കരീം താൻ ബഹുമാനിക്കുന്ന ജനകീയ നേതാവാണെന്ന് പി.ടി. ഉഷ

തിരുവനന്തപുരം: തനിക്ക് രാഷ്ട്രീയത്തെക്കാൾ പ്രധാനം സ്‌പോർട്‌സ് ആണെന്ന് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ഒളിമ്പ്യൻ പി.ടി. ഉഷ. തനിക്ക് രാജ്യസഭാ നാമനിർദേശം രാജ്യത്തെ സ്‌പോർട്‌സിനുള്ള അംഗീകാരമാണ്. ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രിയോട് നന്ദിയുണ്ടെന്നും പി.ടി ഉഷ പറഞ്ഞു. രാജ്യസഭാംഗമായി നിർദേശിക്കപ്പെട്ട ശേഷം പയ്യോളിയിലെ വീട്ടിൽ ആദ്യമായി എത്തിയ ഉഷ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

എളമരം കരീമിന്റെ വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം താൻ ബഹുമാനിക്കുന്ന ജനകീയ നേതാവാണെന്നായിരുന്നു ഉഷയുടെ മറുപടി. കഴിഞ്ഞ 30 വർഷമായി അദ്ദേഹത്തെ അടുത്തറിയാം. അദ്ദേഹത്തിന് ആർക്കെതിരെയും എന്തും പറയാനുള്ള അധികാരമുണ്ടെന്നും ഉഷ പറഞ്ഞു. താൻ സുരേഷ് ഗോപിയെ പോലെ ആവണമെന്നില്ലെന്നും ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്നും ഉഷ കൂട്ടിച്ചേർത്തു. ബിജെപി നേതാക്കൾക്കൊപ്പമാണ് ഉഷ വാർത്താ സമ്മേളനം നടത്തിയത്.

ഉഷ സ്‌കൂൾ ജീവവായുവാണ്. അതുമായി മുന്നോട്ട് പോകും. ഒളിമ്പിക്‌സ് മെഡൽ നഷ്ടത്തിന് പകരം വെയ്ക്കാൻ ഒരു നേട്ടത്തിനും സാധ്യമല്ലെന്നും ഉഷ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ പി.ടി ഉഷയ്ക്ക് വീട്ടിൽ സ്വീകരണം നൽകിയിരുന്നു. നാടിന്റെ അഭിമാനമായ കായിക താരത്തെ എംപിയാക്കിയത് വലിയ അംഗീകാരമാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ഒരു രാജ്യസഭാംഗത്തിനും ലഭിക്കാത്ത ആദരവ് പി.ടി ഉഷയ്ക്ക് പൊതുസമൂഹം നൽകും. ഉഷയെ രാഷ്ട്രീയ താൽപ്പര്യത്തിനായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യ കണ്ട പ്രതിഭയ്ക്ക് വലിയ സ്ഥാനം ലഭിക്കുമ്പോൾ ഒപ്പം നിൽക്കണമെന്നും വിമർശിക്കുന്നത് ചെറിയ മനസ്സിനുടമകളായവരാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →