തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ മാധ്യമപ്രവർത്തകനെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞ ആളെ പൊലീസ് പിടികൂടുന്നില്ലെന്ന് പരാതി. അഞ്ച് ദിവസം മുമ്പ് അപകടം ഉണ്ടാക്കിയ വാഹനം തിരിച്ചറിഞ്ഞിട്ടും തുടർ നടപടികൾ നിലച്ചമട്ടാണ്. 2022 ജൂലൈ 2 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സമകാലിക മലയാളം വാരികയിലെ ചീഫ് റിപ്പോർട്ടർ പി.എസ്.റംഷാദിനെ കാർ ഇടിച്ച് വീഴ്ത്തിയത്. പിന്നിലൂടെ അതിവേഗത്തിൽ പാഞ്ഞെത്തിയ നീല മാരുതിക്കാർ, സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയി.
ഇടിയുടെ ആഘാതത്തിൽ മറ്റൊരു വാഹനത്തിന് മുകളിലേക്ക് വീണ റംഷാദിന് സാരമായ പരിക്കേറ്റു. ഹെൽമറ്റ് ധരിച്ചത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് റംഷാദ് പറയുന്നു. റംഷാദിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് സിസി ടിവി ദൃശ്യത്തിന്റെയും ദൃക്സാക്ഷികളുടെ മൊഴികളുടേയും അടിസ്ഥാനത്തിൽ അപകടമുണ്ടാക്കിയ കാർ തിരിച്ചറിഞ്ഞു.
എന്നാൽ അന്നേ ദിവസം വാഹനം അടുത്ത ഒരു ബന്ധുവിന് വിട്ടു നൽകിയിരുന്നു എന്നാണ് കാർ ഉടമ പറയുന്നത്. കാർ ഓടിച്ച ബന്ധു അപകടം വരുത്തിയിട്ടില്ലെന്നും ഇയാൾ നിലപാടെടുത്തു. വാഹനം ഓടിച്ച ആളെ പൊലീസിന് മുന്നിൽ ഹാജരാക്കാനും ഇയാൾ തയ്യാറായില്ല. ഇതോടെ പൊലീസ് അന്വേഷണം നിലച്ച മട്ടാണ് എന്നാണ് റംഷാദിന്റെ പരാതി. അതേസമയം വാഹനം തിരിച്ചറിഞ്ഞ് കസ്റ്റഡിയിൽ എടുത്തത് പൊലീസ് ആണെന്നും. ഡ്രൈവറുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്നും പേരൂർക്കട പൊലീസ് അറിയിച്ചു

