വിമ്പിള്‍ഡണ്‍: എലേന-സിമോണ, ഓന്‍സ്-മരിയ സെമി

ലണ്ടന്‍: വിമ്പിള്‍ഡണ്‍ വനിതാ സിംഗിള്‍സ് സെമി ലൈനപ്പായി. ആദ്യ സെമിയില്‍ കസഖ് താരം എലേന റൈബാക്കിന റൊമാനിയയുടെ സിമോണ ഹാലപ്പിനെ നേരിടും. ടുണീഷ്യയുടെ ഓന്‍സ് ജാബ്യുറും ജര്‍മനിയുടെ താത്യാന മരിയയും തമ്മിലാണ് രണ്ടാം സെമി. പുരുഷവിഭാഗത്തില്‍ ഓസ്ട്രേലിയയുടെ നിക്ക് കിര്‍ഗിയോസും ബ്രിട്ടന്റെ കാമറൂണ്‍ നോറിയും സെമിയിലെത്തി. ചിലിയുടെ ക്രിസ്റ്റിയന്‍ ഗാരിനെ 6-4, 6-3, 7-6 നു കിര്‍ഗിയോസ് തോല്‍പ്പിച്ചപ്പോള്‍ ഡേവിഡ് ഗോഫിനെയാണ് നോറി കെട്ടുകെട്ടിച്ചത്.കഴിഞ്ഞ ദിവസം നടന്ന വനിതാ ക്വാര്‍ട്ടറില്‍ പുതുചരിത്രമെഴുതിയാണ് ലോക രണ്ടാം നമ്പര്‍താരം ടുണീഷ്യയുടെ ഓന്‍സ് ജാബ്യുര്‍ അവസാന നാലിലെത്തിയത്. സീഡില്ലാതാരം ചെക് റിപ്പബ്ലിക്കിന്റെ മേരി ബോസ്‌കോവയെ തോല്‍പ്പിച്ച് ഓന്‍സ് സെമി ബര്‍ത്തുറപ്പിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ അറബ്, വടക്കാന്‍ ആഫ്രിക്കന്‍ താരമാകാനും ഇതോടെ ജാബ്യൂറിനായി.

ആദ്യസെറ്റ് ബോസ്‌കോവയ്ക്ക് അടിയറവച്ചശേഷമായിരുന്നു ജാബ്യൂറിന്റെ തിരിച്ചുവരവ്. സ്‌കോര്‍: 3-6, 6-1, 6-1. ആദ്യസെറ്റില്‍ ജാബ്യൂറിനെ നിഷ്പ്രഭയാക്കുന്ന പ്രകടനമാണ് ബോസ്‌കോവ കാഴ്ചവച്ചത്. എന്നാല്‍ രണ്ടാം സെറ്റുമുതല്‍ ടുണീഷ്യന്‍ താരം യഥാര്‍ഥ ഫോമിലേക്കുയര്‍ന്നതോടെ ബോസ്‌കോവയ്ക്ക് അടിതെറ്റി. തുടര്‍ച്ചയായ ബ്രേക്കുകളിലൂടെ ജാബ്യൂര്‍ 6-1 നു സെറ്റ് നേടി മത്സരത്തിലേക്കു തിരിച്ചുവന്നു. രണ്ടാം സെറ്റിന്റെ ആവര്‍ത്തനമായിരുന്നു മൂന്നാം സെറ്റിലും. തകര്‍പ്പന്‍ സെര്‍വും മികച്ച റിട്ടേണുകളുമായി കളം നിറഞ്ഞു കളിച്ച ജാബ്യൂര്‍ രണ്ടാം സെറ്റിലെ അതേ സ്‌കോറില്‍ സെമിയിലേക്കു മാര്‍ച്ച് ചെയ്തു.ജൂലി നയ്മിയറിനെ തകര്‍ത്താണ് ജര്‍മനിയുടെ താത്യാന മരിയ സെമിയിലേക്കു കുതിച്ചത്. ആദ്യസെറ്റ് 6-4 നു കൈവിട്ട മരിയ രണ്ടും മൂന്നും സെറ്റുകള്‍ 6-2, 7-5 നു സ്വന്തമാക്കി. രണ്ടു മക്കളുടെ അമ്മയായശേഷം സജീവ ടെന്നീസിലേക്കു തിരിച്ചുവന്ന താരമാണ് മരിയ. അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ജാബ്യൂറുമായുള്ള സെമി പോരാട്ടത്തിനൊരുങ്ങുകയാണ് അവര്‍.

20-ാം സീഡ് അമേരിക്കയുടെ അമാന്‍ഡ അസിമോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ച റൊമാനിയയുടെ 16-ാം നമ്പര്‍ താരം സിമോണ ഹാലപ്പും സെമിയില്‍ കടന്നു. സ്‌കോര്‍: 6-2, 6-4. പിന്നില്‍നിന്നു പൊരുതിക്കയറിയാണ് എലേന റൈബാക്കിനയുടെ സെമിപ്രവേശം. ഓസ്ട്രേലിയയുടെ അജ്ല ടോംലിയാനോവിക്കിനെയാണ് റൈബാക്കിന കെട്ടുകെട്ടിച്ചത്. സ്‌കോര്‍: 4-6, 6-2, 6-3.
പുരുഷവിഭാഗത്തില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും ബ്രിട്ടന്റെ കാമറൂണ്‍ നോറിയും തമ്മില്‍ സെമിയില്‍ ഏറ്റുമുട്ടും. ബെന്‍ജിയംതാരം ഡേവിഡ് ഗോഫിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴ്പ്പെടുത്തിയാണു നോറിയുടെ സെമിപ്രവേശം. സ്‌കോര്‍: 3-6, 7-5, 2-6, 6-3, 7-5. ആറു വര്‍ഷത്തിനുശേഷമാണ് ഒരു ബ്രിട്ടീഷ് താരം വിമ്പിള്‍ഡണ്‍ സെമിയില്‍ കടക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →