വയനാട്: കൽപ്പറ്റയിൽ രാഹുൽഗാന്ധിയുടെ എംപി ഓഫീസ് തകർത്ത സംഭവത്തിൽ ഓഫീസിൽ ഉണ്ടായിരുന്ന ഗാന്ധിജിയുടെ ചിത്രം തകർത്തത് എസ്എഫ്ഐ അല്ലെന്ന് റിപ്പോർട്ട് നൽകി പോലീസ്. ഡിജിപിക്ക് വയനാട് ജില്ലാ പോലീസ് മേധാവി നൽകിയ റിപ്പോർട്ടിൽ പോലീസ് ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങൾ തെളിവാക്കിയാണ് പോലീസ് ഇങ്ങനെ നിഗമനത്തിൽ എത്തിയത്. ക്രൈംബ്രാഞ്ച് എസ് പി ക്രൈംബ്രാഞ്ച് മേധാവിക്കും ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
പോലീസ് റിപ്പോർട്ടുകളിൽ പറയുന്നതിനനുസരിച്ച് പോലീസ് ഫോട്ടോഗ്രാഫർ എസ്എഫ്ഐ പ്രവർത്തകർ ആക്രമണം നടത്തി പുറത്തുപോയയുടൻ നാലുമണിക്ക് എടുത്ത ചിത്രത്തിൽ മഹാത്മാഗാന്ധിയുടെ ചിത്രം ചുമരിലാണ്. എന്നാൽ ഇതിനുശേഷം യുഡിഎഫ് പ്രവർത്തകർ ഓഫീസിലെത്തി. ശേഷം പോലീസ് ഫോട്ടോഗ്രാഫർ എടുത്ത ചിത്രത്തിൽ ഗാന്ധിജിയുടെ ഫോട്ടോ നിലത്ത് തകർന്ന നിലയിലും ഫയലുകൾ വലിച്ചുവാരിയിട്ട തരത്തിലുമാണ് കണ്ടത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം എസ്എഫ്ഐ നടപടി എടുത്തിരുന്നു. വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് പകരം അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വന്നു.