തിരുവനന്തപുരം : നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്തില്‍ വിവാദം മുറുകവെ മുഖ്യമന്ത്രിയുമായി വേദി പങ്കിടാതെ ഒഴിഞ്ഞുമാറി എം ശിവശങ്കര്‍. സന്തോഷ് ട്രോഫി വിജയികളായ കേരള ടീമിനെ ആദരിക്കുന്ന ചടങ്ങില്‍ നിന്നാണ് കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചടങ്ങിലെ മുഖ്യസംഘാടകനുമായ ശിവശങ്കര്‍ വിട്ടുനിന്നത്. നിയമസഭയിലെ ആര്‍ ശങ്കര നാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചിലായിരുന്നു പരിപാടി.
സന്തോഷ് ട്രോഫി ജേതാക്കളെ ആദരിക്കുന്ന ചടങ്ങില്‍ സ്വാഗതം പറയേണ്ടിയിരുന്നത് ശിവശങ്കറായിരുന്നു.നോട്ടീസിലും ശിവശങ്കറിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചടങ്ങില്‍ നിന്ന് ശിവശങ്കര്‍ വിട്ടുനിന്നതോടെ കായിക യുവജന കാര്യ ഡയറക്ടര്‍ എസ് പ്രേംകൃഷ്‌ണനാണ് സ്വാഗതം പറഞ്ഞത്. പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ശിവശങ്കര്‍ മുന്‍കൂട്ടി അറിയിച്ചിരുന്നതായി കായിക മന്ത്രിയുടെ ഓഫീസ് അറിയിച്ചു.