വസ്തു നികുതി പകുതി പോലും പിരിച്ചില്ലെന്ന വാർത്ത ശരിയല്ല: മന്ത്രി

തദ്ദേശ സ്ഥാപനങ്ങളുടെ വസ്തു നികുതി പിരിവ് പകുതിയിലും താഴെയെന്ന വാർത്തകൾ ശരിയല്ലെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ഓൺലൈനിൽ വസ്തു നികുതി അടയ്ക്കാനുള്ള സംവിധാനം തയ്യാറായി വരികയാണ്. ഇനിയും പല നഗരസഭകളിലും ഈ പ്രവർത്തനം പൂർത്തിയായിട്ടില്ല. അതിനാൽ സഞ്ചയാ വെബ്‌സൈറ്റിൽ മുൻസിപ്പാലിറ്റിയുടെയും കോർപ്പറേഷന്റെയും നികുതി കണക്കുകൾ പൂർണ്ണമായി ലഭ്യമല്ല. അപൂർണ്ണമായ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാണ് വാർത്തകൾ വന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് വസ്തു നികുതി പിരിവ് 77.37 ശതമാനമാണ്. നികുതി പിരിവ് കൂടുതൽ കാര്യക്ഷമമാക്കി 100 ശതമാനവും പിരിച്ചെടുക്കാനുള്ള നടപടികൾ വകുപ്പ് സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

പഞ്ചായത്തുകളിൽ 81.85 ശതമാനമാണ് വസ്തുനികുതി പിരിച്ചത്. ആകെ പിരിക്കേണ്ട 619.39 കോടിയിൽ 506.9 കോടി പിരിച്ചെടുത്തിട്ടുണ്ട്. 116 പഞ്ചായത്തുകൾ 100 ശതമാനം നികുതിയും പിരിച്ചെടുത്തു. 519 പഞ്ചായത്തുകളിലും 90 ശതമാനത്തിൽ അധികമാണ് നികുതി പിരിവ്. മുൻസിപ്പാലിറ്റിയിൽ 74.78 ശതമാനവും കോർപ്പറേഷനിൽ 72.97 ശതമാനവുമാണ് കഴിഞ്ഞ വർഷത്തെ നികുതി പിരിവ്. പിരിക്കേണ്ട 373.95 കോടിയിൽ 272.87 കോടി മുൻസിപ്പാലിറ്റികളും, 428.52 കോടിയിൽ 320.46 കോടി കോർപറേഷനുകളും പിരിച്ചെടുത്തു. മുൻസിപ്പാലിറ്റികളും കോർപറേഷനുകളും തൊഴിൽ നികുതി 92.06 ശതമാനവും 73.86 ശതമാനവും യഥാക്രമം പിരിച്ചിട്ടുണ്ട്. വിനോദ നികുതി കോർപറേഷനുകൾ 100 ശതമാനവും പിരിച്ചപ്പോൾ, മുൻസിപ്പാലിറ്റികളിൽ ഇത് 96.86 ശതമാനമാണ്.

തദ്ദേശ സ്ഥാപനങ്ങൾ നികുതി പിരിവിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയതായി മന്ത്രി അറിയിച്ചു. കൂടുതൽ കാര്യക്ഷമമായി നികുതി പിരിവ് നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ വകുപ്പ് ഏറ്റെടുക്കും. നൂറു ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും ഓൺലൈനിൽ നികുതി അടയ്ക്കാനുള്ള സംവിധാനം ഉടൻ ഒരുങ്ങുമെന്നും മന്ത്രി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →