നെടുംകണ്ടം: ഇടുക്കി മുണ്ടിയെരുമയില്‍ നടന്ന സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. സംഘര്‍ഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചുകീറി. 2022 ജൂണ്‍ 25 ശിയാഴ്‌ച വൈകിട്ട് ആറോടെയാണ് സംഭവം. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാമ്പാടുംപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുണ്ടിയെരുമയില്‍ നടത്തിയ പ്രകടനത്തിനുനേരെ ഡിവൈഎഫ്‌ഐ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്നാണ് ആക്ഷേപം.
സിപിഎമ്മിന്റെ ഓഫീസില്‍ നിന്നും കമ്പിവടി ഉള്‍പ്പെടെയുളള മാരകായുധങ്ങളുമായി പ്രകടനത്തിനുനേരെ പാഞ്ഞടുക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പോലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആക്രമണം. ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതോടെം ഇതുതടയാനെത്തിയ പോലീസുകാരന്റെ യൂണിഫോം വലിച്ചു കീറുകയായിരുന്നു. ഇരുവിഭാഗങ്ങളെയും പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടര്‍ന്നു. കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനത്തിനുശേഷം സിപിഎമ്മിന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടന്നു.

