ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിശബ്ദം സഹിക്കുകയായിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ടു പതിറ്റാണ്ടോളം എല്ലാം കടിച്ചമര്‍ത്തി മോദി കഴിഞ്ഞതിന് താന്‍ സാക്ഷിയാണെന്നും ഷാ. 2002-ലെ കലാപക്കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ കുറ്റവിമുക്തനാക്കിയ കീഴ്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ച് ഒരുദിവസം പിന്നിട്ടപ്പോള്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ഷായുടെ പ്രതികരണം. ”മോദിജി 19 വര്‍ഷമായി എല്ലാം സഹിക്കുകയായിരുന്നു.
പാലാഴി മഥനത്തിനിടെ ഉയര്‍ന്നുവന്ന കൊടുംവിഷം ഭഗവാന്‍ ശിവന്‍ ഏതുവിധേനെയാണോ പാനം ചെയ്തത് അതിനു സമാനമായി എല്ലാ ബുദ്ധിമുട്ടുകളും മോദി സ്വയം കടിച്ചമര്‍ത്തി. സത്യം തനിക്കൊപ്പമാണെന്ന് ബോധ്യമുണ്ടായിരുന്നിട്ടും ആരോപണങ്ങളെ അദ്ദേഹം െധെര്യസമേതം നേരിട്ടു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ തന്റെ ഭാഗം ന്യായീകരിക്കാനോ വിമര്‍ശകരെ എതിര്‍ക്കാനോ അദ്ദേഹം മുതിര്‍ന്നില്ല. ഇച്ഛാശക്തിയുള്ള ഒരാള്‍ക്കു മാത്രമേ ഈവിധത്തില്‍ പെരുമാറാന്‍ കഴിയൂ- ഷാ പറഞ്ഞു.അന്വേഷണ ഏജന്‍സിക്കു മുന്നില്‍ മോദി നാടകം കളിച്ചില്ല. എം.പിമാരെയും എം.എല്‍.എമാരെയും പാര്‍ട്ടി അണികളെയും അണിനിരത്തി ധര്‍ണ നടത്തിയുമില്ല. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി പരിഹസിച്ച് ഷാ ചൂണ്ടിക്കാട്ടി.
”ജനാധിപത്യത്തില്‍, എല്ലാ രാഷ്ട്രീയ വ്യക്തിത്വങ്ങളും ഭരണഘടനയെ എങ്ങനെ ബഹുമാനിക്കണം എന്നതി-ന്റെ ഉത്തമ ഉദാഹരണമാണ് പ്രധാനമന്ത്രി മോദി അവതരിപ്പിച്ചത്. മോദിജി-യെയും ചോദ്യം ചെയ്തു, പക്ഷേ, ആരും പ്രതി-ഷേധിച്ചില്ല. കൂടാ-തെ രാജ്യത്തുടനീളമുള്ള (ബി.ജെ.പി) പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുമില്ല. ഞങ്ങള്‍ നിയമവുമായി സഹകരിച്ചു, എന്നെയും അറസ്റ്റ് ചെയ്തു. പ്രതി-ഷേധമോ പ്രകടനമോ ഉണ്ടായില്ല”- ഷാ പറഞ്ഞു.കേസില്‍ രാഷ്ട്രീയപ്രേരിതമായിരുന്നു കലാപക്കേസിലെ ആരോപണങ്ങളെന്നും ഷാ ചൂണ്ടിക്കാട്ടി. ചില സന്നദ്ധസംഘടനകള്‍ക്കൊപ്പം ഏതാനും മാധ്യമപ്രവര്‍ത്തകരും വിഷയം ആളിക്കത്തിച്ചു. ഒറ്റനോട്ടത്തില്‍ സത്യമെന്നു തോന്നിപ്പിക്കുംവിധം വിശദാംശങ്ങള്‍ അവതരിപ്പിക്കാന്‍ അവര്‍ക്കായി. എന്നാല്‍ അന്വേഷണ സംഘവും കോടതികളും എല്ലാം നിരാകരിച്ചു.
സുപ്രീം കോടതി വിധിന്യായത്തില്‍ സാമൂഹികപ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ പേരു വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. അവരുടെ സന്നദ്ധസംഘടനയാണ് പല ഇരകളുടെയും സത്യവാങ്മൂലത്തില്‍ ഒപ്പുവച്ചിരുന്നത്. അന്നത്തെ യു.പി.എ. സര്‍ക്കാരിന്റെ പിന്‍ബലവും ടീസ്തയ്ക്കും സംഘത്തിനുമുണ്ടായിരുന്നു.

