വായനാ മാസാചരണത്തിന് തുടക്കമായി
വായനാസംസ്‌കാരവും ചിന്താ സംസ്‌കാരവും വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിതെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ. കെ സച്ചിദാനന്ദന്‍. ഇത്തരം നീക്കങ്ങള്‍ ചരിത്രത്തില്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, കോളേജിയറ്റ് എഡ്യുക്കേഷന്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച വായനാ മാസാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ശ്രീ കേരള വര്‍മ്മ കോളേജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സ്വേച്ഛാധിപതികളുടെയും കാലത്ത് ഇത്തരത്തില്‍ പുസ്തകങ്ങള്‍ കത്തിക്കപ്പെട്ടിട്ടുണ്ടെന്ന്, നാട്ടില്‍ പുസ്തകങ്ങള്‍ നിരോധിക്കുകയും അവ കത്തിക്കാന്‍ ഉത്തരവിടുകയും ചെയ്ത ഏകാധിപതിയുടെ കഥ പറയുന്ന ഫാരന്‍ഹീറ്റ് 451 എന്ന നോവലിനെ പരാമര്‍ശിച്ച് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്തുകൊണ്ട് ചില പുസ്തകങ്ങള്‍ വായിക്കണം, എന്തുകൊണ്ട് വായിക്കരുത് എന്നതില്‍ പോലും ഇടപെടലുകള്‍ ഉണ്ടാകുന്നു. തന്റെ പുസ്തകങ്ങള്‍ എന്തുകൊണ്ടു കത്തിക്കപ്പെടുന്നില്ല എന്ന് ആളുകള്‍ ആശ്ചര്യപ്പെടേണ്ടി വരുന്ന സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ഭാവനയെയും ഭാഷയെയും മാനസികശേഷിയെയും വളര്‍ത്താനുള്ള വായനകളാണ് ഉണ്ടാകേണ്ടത്. അടിസ്ഥാനപരമായി നമ്മെ വളര്‍ത്തുന്നതും നമ്മില്‍ ചിന്താ ശേഷി വളര്‍ത്തുന്നതും പുസ്തകങ്ങളാണ്. പുസ്തകങ്ങളുടെ രൂപം മാറുമെങ്കിലും വായനക്കാരനും പുസ്തകവും തമ്മിലുള്ള ആഴമേറിയ ആത്മ ബന്ധം ഇല്ലാതാവുന്നില്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
ഉമര്‍ഖയ്യാം മുതല്‍ മിലന്‍ കുന്ദേര വരെയുള്ളവരുടെ വരികള്‍ ഉദ്ധരിച്ചാണ് വായനയുടെയും സര്‍ഗാത്മകതയുടെയും മനോഹാരിത അദ്ദേഹം അവതരിപ്പിച്ചത്. ജീവശാസ്ത്ര പഠനം തന്റെ എഴുത്തുകള്‍ക്ക് കരുത്തു പകര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കരിയറിസമാണ് വായനയെ ബാധിക്കുന്ന പ്രധാന തടസം. തന്റെ വിഷയത്തിന് പുറത്തുള്ള വായനയാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മനുഷ്യനെ മനുഷ്യനാക്കുന്ന അഗാധമായ ജിജ്ഞാസയാണ് ഓരോ വായനയും. സമ്മര്‍ദ്ദങ്ങള്‍ വായനയെ ഇല്ലാതാക്കുകയല്ല, പോഷിപ്പിക്കുകയാണ് ചെയ്യേണ്ടത്.
വിവര സാങ്കേതികവിദ്യയുടെ വിജ്ഞാനം വേണ്ടത്രയുണ്ടെങ്കിലും അവയെ വിവേവകമാക്കി മാറ്റാനുള്ള കരുത്ത് നാം ആര്‍ജിക്കണം. വിശക്കുന്ന മനുഷ്യാ പുസ്തകം കൈയ്യിലെടുക്കൂ, അതൊരു ആയുധമാണെന്ന ബ്രെഹ്ത്തിന്റെ വാക്കുകള്‍ക്ക് വര്‍ത്തമാന കാലത്ത് പുതിയ അര്‍ത്ഥ തലങ്ങളുണ്ട്. ശരീരത്തിന്റെ മാത്രമല്ല, ആത്മാവിന്റെയും ആശയങ്ങളുടെയും ചിന്തയുടെയുമൊക്കെ വിശപ്പുകളെ ശമിപ്പിക്കാന്‍ പുസ്തകങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വായനാ പ്രതിജ്ഞ കേവലമായൊരു വാക്കുകളില്‍ ഒതുങ്ങാതെ നമ്മെ തന്നെ നവീകരിക്കുന്ന ഒന്നായി മാറട്ടെ എന്നും വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് സച്ചിദാനന്ദന്‍ ആശംസിച്ചു.
തന്റെ വിദ്യാലയ ഓര്‍മ്മകളും വായനാനുഭവങ്ങളും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ സദസ്സുമായി പങ്കുവെച്ചു. വായനാദിനം എന്നത് ഒരു ദിവസത്തെ പ്രക്രിയയല്ല. അത് തുടരെ സംഭവിക്കേണ്ടതാണ്. സഹിഷ്ണുത ഏറ്റവും കുറഞ്ഞ കാലത്ത് പുസ്‌കങ്ങള്‍ക്കും വായനയ്ക്കും ഏറെ പ്രസക്തികയുണ്ട്. ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍ ആണ് വായിച്ചതില്‍ ഏറ്റവും പ്രിയപ്പെട്ട പുസ്തകമെന്ന് പറഞ്ഞ ജില്ലാ കലക്ടര്‍, ഔദ്യോഗിക ജീവിതത്തിനിടയിലും വായനയ്ക്ക് സമയം കണ്ടെത്താനാവുന്നുവെന്നത് വലിയ ഭാഗ്യമാണെന്നും അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍ വായനാദിന സന്ദേശം നല്‍കി. ജൂലായ് 19 വരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളോടെയാണ് വായനാമാസാചരണം സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള വിവിധ മത്സരങ്ങള്‍, സാഹിത്യ ശില്‍പശാലകള്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, എന്‍എസ്എസ്, നെഹ്റു യുവകേന്ദ്ര, യുവജനക്ഷേമ ബോര്‍ഡ് എന്നിവയുമായി സഹകരിച്ചാണ് വായനാ മാസാചരണ പരിരപാടികള്‍ സംഘടിപ്പിക്കുന്നത്.
കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ കെ സീതാരാമന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ രാജന്‍ എലവത്തൂര്‍, എന്‍എസ്എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി വി ബിനു, നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സി ബിന്‍സി, ശ്രീ കേരള വര്‍മ്മ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.വി എ നാരായണ മേനോന്‍, ശ്രീ കേരള വര്‍മ്മ കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. കെ എന്‍ കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.