വാഷിങ്ടന്‍: പലിശ നിരക്ക് കുത്തനെ ഉയര്‍ത്തി യു.എസ്. കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്. പലിശ നിരക്ക് .75 ശതമാനമാണ് ഉയര്‍ത്തിയത്.1994 നു ശേഷം ഇതാദ്യമായാണ് ഒറ്റയടിക്ക് മുക്കാല്‍ ശതമാനം നിരക്ക് വര്‍ധിപ്പിക്കുന്നത്. ആഗോളതലത്തില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുന്നതാണ് അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ തീരുമാനം. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് നിര്‍ണായകമാണ് അമേരിക്കയുടെ പുതിയ തീരുമാനം.
പിടിച്ചുകെട്ടാന്‍ കഴിയാത്ത വിധത്തില്‍ പണപ്പെരുപ്പം കുതിക്കുന്നതാണ് തിരക്കിട്ട നിരക്ക് വര്‍ധനയ്ക്ക് ഫെഡ് റിസര്‍വിനെ പ്രേരിപ്പിച്ചത്.ജൂലൈയിലും 0.50-0.75ശതമാനം നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് ഫെഡ് റിസര്‍വ് മേധാവി നല്‍കുന്ന സൂചന. ഇതോടെ ഈവര്‍ഷം യുഎസിലെ പലിശ നിരക്ക് 3.4ശതമാനമാകുമെന്നാണ് വിലയിരുത്തല്‍. കോവിഡ് മഹാമാരിയും റഷ്യ യുക്രൈന്‍ യുദ്ധവുമാണ് അമേരിക്കയില്‍ പണപ്പെരുപ്പം കൂടാന്‍ കാരണം. നാണയപ്പെരുപ്പം നാല് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.6 ശതമാനത്തിലെത്തിയതോടെയാണ് നിര്‍ണായക തീരുമാനങ്ങള്‍ നിലവില്‍ വരുന്നത്. 40 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് പണപ്പെരുപ്പം ഉയര്‍ന്നതോടെ ദ്രുതഗതിയുള്ള നീക്കം യുഎസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് സാമ്പത്തിക ലോകം പ്രതീക്ഷിച്ചിരുന്നതാണ് .ആഗോളതലത്തില്‍ ഓഹരി വിപണികളെയും സമ്പദ്ഘടനകളെയുമാണ് നിരക്ക് വര്‍ധന സമ്മര്‍ദത്തിലാക്കുന്നത്.വിപണിയിലുള്ള പണലഭ്യത കുറയ്ക്കാനുള്ള നീക്കം ജനങ്ങളുടെ ഉപഭോഗശേഷിയെ ബാധിക്കും. അത് രാജ്യങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാക്കുകയുംചെയ്യും.നിരക്ക് ഉയരുന്നതോടെ സ്വാഭാവികമായും യുഎസ് സര്‍ക്കാര്‍ കടപ്പത്ര ആദായം വര്‍ധിക്കും. രാജ്യത്തെ വിപണിയില്‍നിന്ന് വന്‍തോതില്‍ വിദേശ നിക്ഷേപം പുറത്തേയ്ക്കൊഴുകാന്‍ അത് ഇടയാക്കും.നിരക്ക് വര്‍ധന യുഎസ് ഡോളറിനും കരുത്തുപകരും. അതോടെ രൂപയുടെ വിനിമിയ മൂല്യത്തില്‍ ഇനിയും ഇടിവ് പ്രതീക്ഷിക്കാം. വിനിമയ മൂല്യം താഴുന്നതോടെ അസംസ്‌കൃത എണ്ണ ഉള്‍പ്പടെയുള്ള ഇറക്കുമതി ഉത്പന്നങ്ങളുടെ വിലകൂടാനിടയാക്കും. രാജ്യത്തെ ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ 85ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നതെന്നകാര്യം പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.