കണ്ണൂര്‍ : മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ വ്യാപക സിപിഎം ആക്രമണം. കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്റെ ഭാര്യയുടെ കാടാച്ചിറ അടൂരിലുളള കുടുംബ വീട് അടിച്ചു തകര്‍ത്തു. സുധാകരന്റെ ഭാര്യാസഹോദരി റീത്ത,സഹോദരീഭര്‍ത്താവ് ലക്ഷ്‌മണന്‍ എന്നിവരാണ് ഇവിടെ താമസിക്കുന്നത് . 2022 ജൂണ്‍ 13ന് രാത്രിയാണ് സിപിയെമ്മുകാരെന്ന് ആരോപിക്കുന്ന അക്രമിസംഘം ആയുധങ്ങളുമായെത്തി കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ത്തത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ വെച്ച് കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ രാത്രി ആഡൂര്‍ പാലം കേന്ദ്രീകരിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഈ സംഘത്തിലുണ്ടായിരുന്നവരാണ് സുധാകരന്റെ ഭാര്യ സ്‌മിത ടീച്ചറുടെ തറവാട് വീട് അടിച്ചുതകര്‍ത്തത്. പ്രകടനത്തിനിടെ വീടിനുനേരെ കല്ലേറുണ്ടായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരെ വ്യാപക അക്രമം ഉണ്ടായി. തലശേരിയില്‍ എല്‍.എസ് പ്രഭുമന്ദിരം തകര്‍ത്തു. തളിപ്പറമ്പ് ടൗണ്‍ കോണ്‍ഗ്രസ് ഓഫീസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. ഇവിടെയുളള ഫര്‍ണിച്ചറുകള്‍ മുഴുവന്‍ തകര്‍ത്തിട്ടുണ്ട്.
പയ്യന്നൂരില്‍ പ്രകടനമായെത്തിയ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ കാണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തു. കണ്ണൂരില്‍ പലയിടങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ നേതൃത്വത്തിലാണ് പോലീസ് കൂടുതല്‍ അക്രമം വ്യാപിപ്പിക്കാതിരിക്കാനുളള നടപടികള്‍ സ്വീകരിക്കുന്നത്. കണ്ണൂര്‍ റെയിഞ്ച് ഡിഐജി രാഹുല്‍ ആര്‍ നായര്‍ക്കാണ് ക്രമസമാധാന ചുമതല.

