തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് കോടതിയില്‍ നല്കിയ രഹസ്യമൊഴിക്കുപിന്നില് ഗൂഡാലോചനയുണ്ടെന്നും കലാപമുണ്ടാക്കാനുളള ശ്രമം ആണെന്നുമുളള കെ.ടി ജലീലിന്റെ പരാതിയില്‍ സ്വപ്നയേയും പിസി ജോര്‍ജിനേയും പ്രതികളാക്കിയെടുത്ത കേസ് നിലനില്‍ക്കുമോയെന്ന് പോലീസിന് ആശങ്ക. ഐപിസി 153(കലാപത്തിനുളള ആഹ്വാനം) ,120 ബി(ഗൂഡാലോചന)വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കോടതിയില്‍ നല്കിയ രഹസ്യ മൊഴിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന്റെ പേരില്‍ കലാപത്തിനുളള ആഹ്വാനക്കുറ്റം ചുമത്തിയത് നിലനില്‍ക്കുമോയെന്നാണ് സംശയം.
പ്രത്യേക അന്വേഷണ സംഘം തലവന്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനന്, അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ധര്‍വേഷ് സാഹിബിനെ നേരില്‍ കണ്ട് ഇക്കാര്യം അറിയിച്ചു. എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്നയും ജോര്‍ജും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനിരിക്കുകയാണ്. ആശയകുഴപ്പമുണ്ടാക്കുന്ന കാര്യങ്ങള്‍ എഴുതി നിയമോപദേഷ്ടാവിന് കൈമാറാന്‍ ക്രൈംബ്രാഞ്ച് എസ്പി നിര്‍ദേശിച്ചു. നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് ഓണ്‍ലൈനായി അന്വേഷസംഘം യോഗം ചേരും കലാപത്തിന് ആഹ്വാനം നടത്തിയിട്ടുളള ഐപിസി 153 ചുമത്തുന്നത് കരുതലോടെ വേണമെന്ന് അരുണ്‍പുരി കേസില്‍ സുപ്രീംകോടതി ഉത്തരവുണ്ട്. .ഒരു അക്രമമോ പ്രത്യേക സംഭവമോ അതേതുടര്‍ന്നുളള അതേ തുടര്‍ന്നുളള അക്രമ പരമ്പരകളോ ഉണ്ടെങ്കിലേ ഈ വകുപ്പ് നിലനില്ക്കുകയുളളു. രഹസ്യമൊഴി പുറത്തുവിടുന്നത് കലാപത്തിനുളള ആഹ്വാനമായി വ്യാഖ്യാനിക്കാനാവില്ലെന്ന് നിയമ വിദഗ്ദ്ധര്‍ പറയുന്നു.
കലാപമുണ്ടാക്കാനുളള ഗൂഡാലോചനക്കാണ് ഐപിസി 129 (ബി) പ്രകാരം കുറ്റം ചുമത്തിയത്. എന്നാല്‍ കലാപ ആഹ്വാനത്തിനുളള ഐപിസ് 153 നിലനില്ക്കില്ലങ്കില് ഗൂഡാലോചന കുറ്റത്തിന് പ്രസക്തി ഇല്ലാതാകും. സിആര്‍പിസി 164 പ്രകാരമുളള രഹസ്യമൊഴിയില്‍ കുറ്റസമ്മത മൊഴിയായോ ,സാക്ഷി മൊഴിയായോ എന്തും പറയാം. എന്നാല്‍ വിചാരണ വേളയില്‍ രഹസ്യ മൊഴിയിലേത് തെറ്റായ വിവരങ്ങളാണെന്ന് തെളിയിക്കാനായാല്‍ ഐപിസി 193 പ്രകാരം വ്യാജ തെളിവുകള്‍ നല്‍കിയതിന് കേസെടുക്കാനാവും. തനിക്കെതിരെ വ്യജ മൊഴി നല്‍കിയെന്ന് സിആര്‍പിസി 341 പ്രകാരം മുഖ്യമന്ത്രിക്ക് കോടതിയില്‍ ഹര്‍ജി നല്‍കാം. എന്നാല്‍ ഇത് വിചാരണാവേളയിലാവും പരിഗണിക്കപ്പെടുക.

