തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള സഞ്ചാര കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 50 ശതമാനം ഫീസ് ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എത്തുന്ന മുതിർന്ന പൗരൻമാർക്ക് ഇത് വലിയ ആശ്വാസമാകും എന്നും മന്ത്രി പറഞ്ഞു.
വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ മുതിർന്ന പൗരന്മാർക്ക് ഇളവുകൾ അനുവദിക്കണം എന്ന് മുതിർന്ന പൗരന്മാരും, അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുമടക്കം നേരത്തെ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. നിയമ സഭയുടെ കീഴിലുള്ള മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതിക്ക് മുൻപിൽ കോഴിക്കോട് ഹ്യൂമൻ റൈറ്റ്സ് ഫോറം സമർപ്പിച്ച ഹർജിയിലും ഈ ആവശ്യംഉന്നയിക്കപ്പെട്ടിരുന്നു.
വിനോദസഞ്ചാര വകുപ്പ് ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി. നിയമസഭാ സമിതിയുടെ മുമ്പാകെയും റിപ്പോർട്ട് സമർപ്പിച്ചു. വിശദമായ പരിശോധനകൾക്കു ശേഷമാണ് 50 ശതമാനം ഫീസ് ഇളവ് നൽകണമെന്ന് വകുപ്പ് തീരുമാനിച്ചത്.

