മാള ബ്ലോക്ക് പഞ്ചായത്തിലെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി യുവതി, യുവാക്കൾക്കായി യൂത്ത് ഗൈഡൻസ് സെന്റർ ആരംഭിക്കുന്നു. പഞ്ചായത്തിൽ ചേർന്ന വികസന സെമിനാറിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. സ്കിൽ ഗ്യാപ്പ് അനാലിസിസ്, തൊഴിൽ പരിശീലനങ്ങൾ, തൊഴിൽമേളകൾ, ബിസിനസ് വികസന ശിൽപ്പശാലകൾ, ഇന്നവേറ്റേഴ്സ് മീറ്റ്, പി.എസ്.സി കോച്ചിംഗ്, കരിയർ ഗൈഡൻസ്, സിവിൽ സർവ്വീസ് തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നത്. കൂടാതെ കാർഷിക മേഖല ഉൽപ്പന്നങ്ങളുടെ സംഭരണ, സംസ്ക്കരണ, വിതരണ കേന്ദ്രവും ആരംഭിക്കും.
മാള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ ദേശീയ നിലവാരത്തിലുളള ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തുന്നതിന്റെ ഭാഗമായി ഇവിടെ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. ഇതോടൊപ്പം നൂതന സൗകര്യങ്ങളോടു കൂടിയ ലാബിന്റെയും എക്സ്റേ ലാബിന്റെയും പ്രവർത്തനം കൂടുതൽ പേരിലേയ്ക്ക് എത്തിക്കാൻ വേണ്ട നടപടികളെടുക്കാനും തീരുമാനമായി. വയോജന-ഭിന്നശേഷി സൗഹൃദ ഇടമായി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ മാറ്റാനുള്ള നടപടികളും സ്വീകരിക്കും.
ബ്ലോക്ക് പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള പദ്ധതികൾക്ക് മുൻതൂക്കം നൽകാനും സെമിനാറിൽ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കുളങ്ങൾ, തോടുകൾ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കും. പട്ടികജാതി കോളനികളുടെയും സങ്കേതങ്ങളുടെയും സമഗ്രവികസനത്തിനും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകിയുള്ള മാതൃകാപരമായ പദ്ധതികളും നടപ്പിലാക്കും.
ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള വെറ്റിനറി പോളി ക്ലിനിക്ക് ലാബിന്റെ പ്രവർത്തനം നൂതന സൗകര്യങ്ങളോടെ നടപ്പിലാക്കും. ക്ഷീര കർഷകരെ സഹായിക്കുന്ന പദ്ധതികൾക്ക് രൂപം നൽകാനും തീരുമാനമായി. ഓമന മൃഗങ്ങളെ ചികിത്സിക്കുന്നതിനുളള സൗകര്യങ്ങൾ ഏർപ്പെടുത്താനും വെറ്റിനറി ഹോസ്പിറ്റലിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ നടപ്പാക്കാനും തീരുമാനിച്ചു.
കേരള സാംസ്കാരിക വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്നൊരുക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സൗജന്യ കലാപരിശീലനം നൽകാനും വായനശാലകൾ, ക്ലബുകൾ, മറ്റു സംഘടനകൾ എന്നിവയെ കൂട്ടിയിണക്കി നാടകാഭിനയ കളരി, ഫിലിം ഫെസ്റ്റിവൽ എന്നിവ ഒരുക്കാനും യോഗത്തിൽ തീരുമാനമായി.
മാള ബ്ലോക്ക് പഞ്ചായത്തിൽ നടന്ന വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി യാക്കോബ് അധ്യക്ഷയായി. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞൂരാൻ, മാള പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക്, കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ, ആളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.