കോട്ടയം: ഏക ആരോഗ്യം പദ്ധതി വിലയിരുത്തൽ; ലോകബാങ്ക് സംഘം ജില്ല സന്ദർശിച്ചു

കോട്ടയം: മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം  മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും ആരോഗ്യം നിലനിര്‍ത്തി സമഗ്രമായ രോഗപ്രതിരോധം ലക്ഷ്യമിടുന്ന ഏക ആരോഗ്യം പദ്ധതിയുടെ ജില്ലയിലെ പുരോഗതി വിലയിരുത്തുന്നതിന് ലോകബാങ്ക് സംഘം കോട്ടയം ജില്ല സന്ദർശിച്ചു. ലോകബാങ്ക് കൺസൾട്ടന്റുമാരായ ദീപിക ചൗധരി, ഡോ. ദിനേഷ് നായർ, സതീഷ് ചന്ദ്രൻ എന്നിവരും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് ഡോ. എം.ജെ. അജൻ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.  

നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി  ആദ്യഘട്ടത്തിൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ പമ്പാനദീതട ജില്ലകളിൽ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഏക ആരോഗ്യം.  ഘട്ടംഘട്ടമായി എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കും.  

കളക്ട്രേറ്റിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമായി നടന്ന കൂടിക്കാഴ്ചകളിൽ എ.ഡി.എം. ജിനു പുന്നൂസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി. എൻ. വിദ്യാധരൻ, നവകേരള കർമപദ്ധതി ജില്ലാ നോഡൽ ഓഫീസർ ഡോ. എ.ആർ. ഭാഗ്യശ്രീ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് ദിവാകർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യം, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി, ജില്ലാ രോഗ നിരീക്ഷണ ഓഫീസർ ഡോ. ശ്യാംകുമാർ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ പങ്കെടുത്തു.

ജന്തുജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണമായ സംഭവങ്ങളുടെ നിരീക്ഷണം, ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളെ നേരത്തെ കണ്ടെത്തല്‍, ആവശ്യകത അനുസരിച്ചുള്ള പങ്കാളിത്ത ഇടപെടലുകള്‍ എന്നിവയാണ് ഏക ആരോഗ്യം  പ്രധാന ലക്ഷ്യങ്ങള്‍. 

ഇന്ത്യയില്‍ ആദ്യമായി ഏക ആരോഗ്യം പദ്ധതി നടപ്പിലാക്കുന്നത് കേരളത്തിലാണ്. കോവിഡ്, നിപ്പ പോലെയുള്ള മഹാമാരികളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്. 

Share
അഭിപ്രായം എഴുതാം