തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ കുറ്റപത്രം നൽകി. കാട്ടാക്കട സ്വദേശി ഗായത്രിയെയാണ് കൊലപ്പെടുത്തിയത്. പ്രതി പ്രവീണിനെതിരെയാണ് കുറ്റപത്രം. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഷാജിയാണ് കുറ്റപത്രം നൽകിയത്. ജോലി സ്ഥലം മാറ്റം കിട്ടി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന കാമുകൻ പ്രവീണിനൊപ്പം പോകണമെന്ന് ഗായത്രി ആവശ്യപ്പെട്ടതാണ് തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
ഷാൾ കൊണ്ട് കഴുത്ത് ഞെരിച്ചാണ് ഗായത്രിയെ കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പായതോടെ പ്രവീൺ ഉടൻ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഗായത്രിയുടെ ഫോണുമായാണ് പ്രതി കടന്നു കളഞ്ഞത്. ഈ ഫോണിൽ നിന്ന് ഹോട്ടൽ റിസപ്ഷനിൽ വിളിച്ച് കൊലപാതക വിവരം പ്രവീൺ തന്നെയാണ് പറഞ്ഞതെന്നും പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു ഗായത്രിയും പ്രവീണും. ജ്വല്ലറിയിൽ ഡ്രൈവറാണ് പ്രവീൺ. ഇവിടെ വെച്ച് ഇരുവരും പ്രണയത്തിലായി. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്.
ഗായത്രിയുമായുള്ള ബന്ധം പ്രവീണിന്റെ വീട്ടിലറിഞ്ഞതോടെ പ്രശ്നങ്ങളുണ്ടായി. ഇതോടെ കൊലപാതകത്തിന് എട്ട് മാസം മുമ്പ് ഗായത്രി ജോലി നിർത്തി. പ്രവീണിന്റെ ഭാര്യയുടെ പരാതിയെ തുടർന്നാണ് ഗായത്രിയെ ജ്വല്ലറിയിൽ നിന്നും മാറ്റിയതെന്നുമുള്ള വിവരങ്ങൾ ഇതിനിടെ പുറത്ത് വന്നിരുന്നു. പ്രവീണിനെ തമിഴ്നാട്ടിലെ ഷോറൂമിലേക്കും സ്ഥലം മാറ്റി. പ്രവീൺ തമിഴ്നാട്ടിലേക്ക് പോകുന്നതിന് മുമ്പായാണ് ഇരുവരും കണ്ടത്. തമിഴ്നാട്ടിലേക്ക് തന്നെയും കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുണ്ടായത്. ഇരുവരും വിവാഹിതരായിരുന്നു എന്ന വിവരവും പുറത്ത് വന്നിരുന്നു. പ്രവീണും ഗായത്രിയും പള്ളിയിൽ വച്ച് താലി കെട്ടുന്ന ഫോട്ടോകൾ അടക്കം പൊലീസിന് അന്വേഷണത്തിനിടെ ലഭിച്ചു