തിരുവനന്തപുരം: സമാന്തര ഓൺലൈൻ സേവന കേന്ദ്രങ്ങൾ വഴി വ്യക്തിവിവരങ്ങൾ വൻതോതിൽ ചോരുന്നു എന്ന് ഇൻറലിജൻസ് റിപ്പോർട്ട്. സർക്കാർ അംഗീകാരം ഉണ്ടെന്ന വ്യാജേന പ്രവർത്തിക്കുന്ന ഓൺലൈൻ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ക്രമക്കേട്. അനധികൃതമായി പ്രവർത്തിക്കുന്ന ഓൺലൈൻ സേവന കേന്ദ്രങ്ങൾക്കെതിരെ നടപടി എടുക്കണമെന്ന് ഐടി മിഷൻ ഡയറക്ടർ നൽകിയ മുന്നറിയിപ്പ് കളക്ടർമാർ പോലീസിന് കൈമാറി.
സർക്കാർ സേവനങ്ങൾ അധികവും ഇപ്പോൾ ഓൺലൈൻ വഴിയാണ് നടക്കുന്നത്. സർട്ടിഫിക്കറ്റുകൾ, വിവിധ സേവനങ്ങൾക്കുള്ള പണമടയ്ക്കൽ എന്നിവയെല്ലാം വിവിധ പോർട്ടലുകൾ വഴി ചെയ്തെടുക്കാം. പൊതുജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ നൽകാൻ സർക്കാർ ചുമതലപ്പെടുത്തിയിരുന്നത് ഐടി മിഷന് കീഴിലുള്ള അക്ഷയകേന്ദ്രങ്ങളെയാണ്. സർക്കാർ നൽകിയ പ്രത്യേക യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചാണ് ഓരോ അക്ഷയ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. ഉപഭോക്താക്കൾക്കുള്ള സേവനങ്ങൾക്ക് പരിധിയും വച്ചിട്ടില്ല. വ്യക്തിഗതവിവരങ്ങൾ സുരക്ഷിതമായിരിക്കും എന്ന ഉറപ്പും സർക്കാർ നൽകുന്നുണ്ട്. ഓരോ വ്യക്തിക്കും സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കി ഇ-ഡിസ്ട്രിക്റ്റ് വഴി വിവിധ സേവനങ്ങൾക്ക് പണമടച്ച് അപേക്ഷ നൽകാം. പക്ഷേ ഒരാൾക്ക് ഒരു മാസം 5 സേവനങ്ങൾ മാത്രമെന്ന പരിമിതിയുണ്ട്. ഇവിടെയാണ് തട്ടിപ്പു നടക്കുന്നതായി ഐടി മിഷൻ പറയുന്നത്. ഓൺലൈൻ സേവനങ്ങൾ സ്വന്തമായി ചെയ്യാൻ അറിയാത്ത സാധാരണക്കാരെയാണ് തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നത്. സ്വകാര്യ ഓൺലൈൻ സേവനദാതാവിന്റെ മുന്നിലെത്തുന്ന ഇവർ രേഖകളെല്ലാം കൈമാറും. വ്യക്തിയുടെ പേരിൽ സ്ഥാപനം അക്കൗണ്ട് ഉണ്ടാക്കും. ഇടപാടുകാരുടെ ആവശ്യം കഴിഞ്ഞാൽ പിന്നെ അതേ അക്കൗണ്ട് വിവരങ്ങൾ വച്ച് മറ്റൊരാൾക്ക് സേവനം ലഭ്യമാക്കുകയും അതിന് പണം വാങ്ങുകയും ചെയ്യും. ഉപഭോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന വ്യക്തിവിവരങ്ങൾ ഇത്തരക്കാർ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് ഇൻറലിജൻസിന്റെയും ഐടി മിഷന്റെയും കണ്ടെത്തൽ .
ഇൻറലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ അംഗീകൃതമല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എല്ലാ ജില്ലാ കളക്ടർമാർക്കും ഐടി മിഷൻ കത്ത് നൽകിയിട്ടുണ്ട്. ഇത് പ്രകാരമാണ് ജില്ലാ കളക്ടർമാർ പോലീസിന് കത്ത് നൽകിയത്. അക്ഷയയുടെ ലോഗോയുടെ മാതൃകയിൽ ബോർഡുകൾ സ്ഥാപിച്ചു പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രങ്ങള്‍ക്കെതിരെയും നടപടി വേണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ പൊലീസിന് നൽകിയ കത്തിൽ പറയുന്നു.

