കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഭിത്തി തുരന്നു രക്ഷപെട്ട മോഷണക്കേസ് പ്രതി മലപ്പുറത്ത് വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. നിരവധി മോഷണക്കേസിലെ പ്രതിയായ ഇയാള്‍ ജയിലില്‍ കഴിയുന്നതിനിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കുതിരവട്ടത്തേക്ക് മാറ്റിയത്.
2022 മെയ് 30 ന് രാത്രിയോടെയാണ് പോലീസ് കാവലുളള സെല്ലില്‍ നിന്ന് യുവാവ് രക്ഷപെട്ടത്. സ്‌പൂണ്‍ ഉപയോഗിച്ച് ശുചിമുറിയുടെ ഭിത്തി തുരന്നാണ് യുവാവ് പുറത്തുകടന്നതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഇവിടെ നിന്ന് രക്ഷപെട്ട് മലപ്പുറത്തേക്കുപോകുന്ന വഴിയാണ് കോട്ടക്കലില്‍ വച്ച് അപകടമുണ്ടായത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് ഇര്‍ഫാന്‍ 31ന് രാവിലെയാണ് മരിച്ചത്. ബുളളറ്റ് മോഷ്ടിച്ച് രക്ഷപെടാനായിരുന്നു ഇയാളുടെ ശ്രമം .കോട്ടക്കലില്‍ വച്ച് മറ്റൊരു വണ്ടിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടിച്ച ബുളളറ്റ് ഡിവൈഡറില്‍ തട്ടി മറിഞ്ഞ് പരിക്കേല്‍ക്കുകയായിരുന്നു.

