സൗജന്യ ആരോഗ്യസേവനങ്ങളൊരുക്കി വൈക്കം ബ്ലോക്കിൽ ആരോഗ്യമേള

കോട്ടയം: സൗജന്യ ആരോഗ്യസേവനങ്ങളൊരുക്കി ആരോഗ്യവകുപ്പും വൈക്കം ബ്ലോക്ക് പഞ്ചായത്തും വൈക്കത്ത് ബ്ലോക്ക് ആരോഗ്യമേള സംഘടിപ്പിച്ചു. മേളയിലൂടെ നൂറുകണക്കിനുപേർക്ക് സൗജന്യസേവനങ്ങൾ ലഭ്യമായി. ആയുർവേദം, അലോപ്പതി, ഹോമിയോ വിഭാഗങ്ങളുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന, ദന്ത പരിശോധന, രക്ത പരിശോധന,  കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള പരിശോധന ക്ലിനിക്ക്, പ്രതിരോധ മരുന്നുകളുടെ വിതരണം, ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ, ബോധവത്കരണ പരിപാടികൾ എന്നിവ നടന്നു. നാനാടം ആതുരാശ്രമം സ്‌കൂളിൽ രാവിലെ ഒൻപതിന് ആരംഭിച്ച  ആരോഗ്യമേള സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്  അധ്യക്ഷത വഹിച്ചു. ഏക ആരോഗ്യം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ നിർവഹിച്ചു.  

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജാ പുഷ്‌കരൻ, കെ.ബി. രമ, വൈക്കം നഗരസഭാധ്യക്ഷ രേണുക രതീഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. ഗോപിനാഥൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഷമ സന്തോഷ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വീണ അജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.കെ. ശീമോൻ, ഒ.എം. ഉദയപ്പൻ, സുലോചന പ്രഭാകരൻ, ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രസാദ്, വാർഡംഗം ആനന്ദവല്ലി, മെഡിക്കൽ ഓഫീസർമാരായ ഡോ. വി.വി. അനിൽകുമാർ, ഡോ. സി.വി. സിമി, ജെ.എച്ച്.ഐ. ശാലിനി എസ്. നായർ എന്നിവർ പങ്കെടുത്തു. കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും എന്ന വിഷയത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.പി.എൻ. വിദ്യാധരൻ ക്ലാസെടുത്തു. ഉദ്ഘാടനത്തിനു മുന്നോടിയായി പിതൃകുന്നം ജംഗ്ഷനിൽ നിന്നും നാനാടം ആതുരശ്രമം സ്‌കൂളിലേക്ക് വിളംബര ജാഥ നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →