കൊച്ചി മെട്രോ യാര്‍ഡില്‍ നുഴഞ്ഞുകയറി ട്രെയിനില്‍ ഭീഷണി സന്ദേശം എഴിതിയ അജ്ഞാതനെതിരെ പോലീസ്‌ കേസെടുത്തു

കൊച്ചി: അതീവ സുരക്ഷാ മേഖലയായ കൊച്ചി മെട്രോയാര്‍ഡില്‍ അജ്ഞാതന്‍ നുഴഞ്ഞുകയറി ‘ആദ്യ സ്ഫോടനം കൊച്ചിയില്‍’ എന്ന്‌ എഴുതിവച്ചു. 2022 മെയ്‌ 22നാണ്‌ യാര്‍ഡില്‍ പാര്‍ക്ക് ചെയ്‌തിരുന്ന ട്രെയിന്റെ പുറത്ത്‌ ഇംഗ്ലീഷില്‍ സ്‌പ്രേ പെയ്‌ന്റ്‌ ഉപയോഗിച്ച്‌ പലനിറത്തില്‍ ഭീഷണി സന്ദേശം എഴുതി വച്ചത്‌. സംഭവത്തില്‍ രാജ്യദ്രോഹത്തിന്‌ കേസെടുത്തെങ്കിലും സംഭവം രഹസ്യമാക്കി വച്ചിരിക്കുകയാണ്‌. ട്രെയിനിന്റെ മൂന്നു ബോഗികളിലും മെട്രോ ലോഗോയ്‌ക്കൊപ്പമാണ്‌ ലിഖിതങ്ങള്‍ . ഈ ട്രെയിനിന്റെ സര്‍വീസ്‌ നിര്‍ത്തിവച്ചു.

കൊച്ചി സിറ്റിപോലീസും മെട്രോ അധികൃതരും ഇതുസംബന്ധിച്ച ഒന്നും പുറത്തു പറഞ്ഞിട്ടില്ല. മെട്രോ പോലീസ്‌ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. എറണാകുളം-ആലുവാ റൂട്ടില്‍ മുട്ടം സ്റ്റേഷനും അമ്പാട്ടുകാവ്‌ സ്റ്റേഷനും ഇടയിലാണ്‌ 45 ഏക്കറിലുളള മുട്ടം മെട്രോയാഡ്‌. സര്‍വീസിനുശേഷം എല്ലാ ട്രെയിനുകളും യാര്‍ഡിലെത്തിച്ച്‌ ദിവസവും പരിശോധനകള്‍ നടത്തും. യാര്‍ഡിന്‌ ചുറ്റുമായി 10 അടി ഉയരമുളള മതില്‍ കെട്ടിനുമുകളില്‍ കമ്പിവേലിയുമുണ്ട്‌. യാര്‍ഡിനോട്‌ ചേര്‍ന്ന്‌ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സായി രണ്ട്‌ ഫ്‌ളാറ്റുകളും ഉണ്ട്‌.

ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂം, ആട്ടോമാറ്റിക്ക്‌ ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാനം ,വൈദ്യുതി സബ്‌്‌സ്‌റ്റേഷന്‍, തുടങ്ങിയവ മെട്രോ യാര്‍ഡിലാണ്‌.24 മണിക്കൂറും ജോലിക്കാരും അവിടെയുണ്ട്‌. മൂന്നുബോഗികളുളള 25 ട്രെയിനുകളാണ്‌ സര്‍വീസ്‌ നടത്തുന്നത്‌. പെരിയാര്‍, പമ്പ, കബനി, ഗംഗ, കൃഷ്‌ണ, നിള തുടങ്ങി നദികളുടെ പേരുകളാണ്‌ ഓരോന്നിനും.

സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചതായും സരുക്ഷാകാര്യം സര്‍ക്കാര്‍ നോക്കുമെന്നും കെ.എം.ആര്‍.എല്‍ എംഡി ലോക്‌നാഥ്‌ ബഹ്‌റ പറഞ്ഞു. അതിക്രമിച്ചുകയറിയത്‌ ആരെന്ന്‌ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും ഗൗരവ സ്വാഭാവം വിലയിരുത്തുന്നതേയുളളുവെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ്‌ പോലീസ്‌ വി.യു കുര്യാക്കോസ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →