ആലപ്പുഴ: ഗാനമേളക്കിടെ ഇടവബഷീർ കുഴഞ്ഞു വീണു മരിച്ചു. ബ്ലൂ ഡയമണ്ട്സിന്റെ സുവർണ ജുബിലീ ആഘോഷങ്ങൾക്കിടെ പാതിരപ്പള്ളി ക്യാംലോട്ട് കൺവൻഷൻ സെന്ററിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. സ്റ്റേജിൽ കുഴഞ്ഞു വീണ ബഷീറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ തളർന്ന് വീഴുകായയിരുന്നു.
ഗാനമേളയെ ജനപ്രിയമാക്കുന്നതിൽ സുപ്രധാന പങ്കുവച്ച കലാകാരനാണ് ഇടവ ബഷീർ.സിനിമകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്.കോടമ്പള്ളി ഗോപാലപിള്ള എന്ന സംഗീതഞ്ജന്റെ അടുത്തു നിന്നാണ് ബഷീർ ശാസ്ത്രീയ സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അഭ്യസിച്ചത്. രത്‌നാകരൻ ഭാഗവതർ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം തുടങ്ങിയവരിൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. മ്യൂസിക് കോളേജിൽ നിന്നും ഗാനഭൂഷണം പൂർത്തിയാക്കിയ ശേഷം വർക്കലയിൽ സംഗീതാലായ എന്ന ഒരു ഗാനമേള ട്രൂപ്പ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. മദ്രാസിൽ എവിഎം സ്റ്റുഡിയോയിൽ വച്ച് എസ്.ജാനകിക്കൊപ്പം പാടിയ ‘വീണവായിക്കുമെൻ വിരൽത്തുമ്പിലെ..’ എന്ന് തുടങ്ങുന്ന ഗാനമാണ് ബഷീറിന്റെ ആദ്യ ചലച്ചിത്ര ഗാനം.
പിന്നീട് മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന സിനിമക്ക് വേണ്ടി കെജെ ജോയിയുടെ സംഗീത സംവിധാനത്തിൽ വാണി ജയറാമുമൊത്ത് പാടിയ ‘ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ..’ എന്ന ഗാനം ഹിറ്റായി.ഓൾ കേരള മ്യുസീഷ്യൻസ് ആൻഡ് ടെക്‌നീഷ്യൻസ് വെൽഫെയർ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ലൈലയും റഷീദയുമാണ് ബഷീറിന്റെ ഭാര്യമാർ. മക്കൾ: ഭീമ, ഉല്ലാസ്, ഉഷസ്, സ്വീറ്റാ, ഉൻമേഷ്