ബംഗാളി നടി ബിദിഷ മരിച്ച നിലയില്‍

കൊല്‍ക്കത്ത: ബംഗാളി മോഡലും നടിയുമായ ബിദിഷ ഡേ മജുംദാറി(21)നെ നഗേര്‍ബസാറിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ആത്മഹത്യാ കുറിപ്പ് മൃതദേഹത്തിനടുത്തുനിന്നു ലഭിച്ചതായി പോലീസ് അറിയിച്ചു.

ഇത്‌ കൈയക്ഷര വിദഗ്ധര്‍ പരിശോധിച്ച് ബിദിഷയുടെ തന്നെയാണോ എന്ന് ഉറപ്പുവരുത്തുമെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു ദിവസങ്ങള്‍ക്കുള്ളിലാണു ബിദിഷയുടെ മരണം. ടെലിവിഷന്‍ നടി പല്ലബി ഡേ ആത്മഹത്യ ചെയ്തപ്പോള്‍ ആരും ഇത്തരം കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്ന് ബിദിഷ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചിരുന്നു.
അനുഭാബ് ബേര എന്നയാളുമായി ബിദിഷ പ്രണയത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. പ്രണയ ബന്ധത്തിലെ പ്രശ്നങ്ങള്‍ കാരണം നടി വിഷാദത്തിലായിരുന്നെന്നും അടുത്ത സുഹൃത്തുക്കള്‍ മൊഴി നല്‍കി. മോഡലിങ് രംഗത്തെ അറിയപ്പെടുന്ന മുഖമായ ബിദിഷ, 2021ല്‍ അനിര്‍ബേദ് ചതോപാധ്യായ സംവിധാനം ചെയ്ത ”ഭാര്‍- ദ് കൗണ്‍” എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് അഭിനയരംഗത്തെത്തിയത്.

Share
അഭിപ്രായം എഴുതാം