ന്യൂഡല്‍ഹി ; നിയമത്തിന്റെ പിടിയില്‍ പെടാതിരിക്കാന്‍ ഒളിച്ചോടുകയും പ്രഖ്യാപിത കുറ്റവാളിയാവുകയും ചെയ്‌തയാള്‍ക്ക് നിയമ പരിരക്ഷ ഇല്ലെന്ന് സുപ്രീം കോടതി. ഇത്തരം വ്യക്തികള്‍ ഏതെങ്കിലും തരത്തിലുളള ഇളവിനോ ദയക്കോ അര്‍ഹരല്ല. ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ല. നിയമത്തിന് വിധേയരാവാതെ മൗലീകാവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നതില്‍ ന്യായീകരണമില്ലെന്നും കോടതി നിരീക്ഷിച്ചു.
മഹാരാഷ്ട്രയില്‍ നിന്നുളള കേസിലാണ് സുപ്രീംകോടതിയുടെ വിധി. വിവിധകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമ പ്രകാരം ഹര്‍ജിക്കാരനെയും മറ്റ് 5 പേരെയും പ്രോസിക്യൂട്ടുചെയ്യാന്‍ നാഗ്‌പൂര്‍ സിറ്റി എഡിജിപി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഹര്‍ജിക്കാരന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പോലീസിന് കീഴടങ്ങാതെ പിടികിട്ടാപ്പുളളിയായി. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.

