മനില: യാത്രാക്കപ്പലിന് തീപിടിച്ച് ഫിലിപ്പീന്‍സില്‍ ഏഴുപേര്‍ മരിച്ചു. രക്ഷപ്പെടാന്‍ കടലില്‍ ചാടിയ 120-ല്‍ അധികം യാത്രക്കാരെ രക്ഷിച്ചു.157 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഇരുനില കപ്പലിനാണു തീപിടിച്ചത്. പോളില്ലോ ദ്വീപില്‍ നിന്ന് റിയല്‍ പട്ടണത്തിലെ തുറമുഖത്തേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍. പ്രാദേശിക സമയം കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അഗ്‌നിബാധ. കടലില്‍ ചാടിയവരെ വിവരം അറിഞ്ഞെത്തിയ തീരരക്ഷാ സേനയും ഇതര കപ്പലുകളും ചേര്‍ന്നു രക്ഷിച്ചു. തീപിടിത്തത്തിന്റെ കാരണം അജ്ഞാതമാണ്. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളും രണ്ടു പേര്‍ പുരുഷന്മാരുമാണ്.രക്ഷപ്പെടുത്തിയ 120 പേരില്‍ 23 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഫിലിപ്പീന്‍സ് തീരരക്ഷാസേനാ അധികൃതര്‍ അറിയിച്ചു.