തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജ് റിമാൻഡിൽ. വഞ്ചിയൂർ കോടതി രണ്ടാഴ്ചത്തേക്ക് ആണ് ജോർജിനെ റിമാൻഡ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം പൂജപ്പുര ജയിലിലേക്ക് മാറ്റി. ഏതുവിധേനയും ജയിലിൽഅടക്കാനാണ് പോലീസിന്റെ നീക്കമെന്ന് പി സി ജോർജിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം കോടതി 2022 മേയ് 30 ന് (തിങ്കളാഴ്ച) പരിഗണിക്കും. പുറത്തു നിന്നാൽ പ്രതി കുറ്റം ആവർത്തിക്കുമെന്ന് പ്രോസിക്യൂഷൻ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ജോർജിനെ കോടതി റിമാൻഡ് ചെയ്തത്.
പിസി ജോർജിനെ അറസ്റ്റിലേക്ക് നയിച്ചത് ആവർത്തിച്ച് നടത്തിയ വിദ്വേഷപരാമർശങ്ങൾ തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിലെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും എറണാകുളത്ത് വീണ്ടും വിവാദ പരാമർശങ്ങൾ ആവർത്തിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പിസി ജോർജിന്റെ ജാമ്യം റദ്ദാക്കിയതും തുടർന്ന് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയതും.
പി സി ജോർജിന്റെ ജാമ്യഹർജി ഹൈക്കോടതി 26-5-2022( വ്യാഴാഴ്ച) പരിഗണിക്കും. ജാമ്യം ലഭിച്ചാൽ എല്ലാം തുറന്നു പറയുമെന്നും അദ്ദേഹം പ്രതികരിച്ചു. അറസ്റ്റ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ജയിലിൽ പോകാൻ തയ്യാറായിട്ടാണ് വന്നതെന്നും ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.