പൊചെറ്റീനോ പുറത്തേക്ക്?

പാരീസ്: സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ ടീമില്‍ നിലനിര്‍ത്തിയ പാരീസ് സെയ്ന്റ് ജെര്‍മെയ്ന്‍ പരിശീലകസംഘത്തില്‍ അഴിച്ചുപണിക്കെന്നു റിപ്പോര്‍ട്ട്. പരിശീലകന്‍ മൗറീസിയോ പൊചെറ്റീനോ ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്കുള്ള വഴിയിലെന്നു സൂചന. ടീമിന്റെ ഡയറക്ടര്‍ സ്ഥാനത്തുള്ള ലിയൊനാര്‍ഡോ അരായുവിന്റെയും തലയാകും ആദ്യം ഉരുളുകയെന്നാണ് അണിയറവര്‍ത്തമാനം.ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, നെയ്മര്‍ ഉള്‍പ്പെടെ സൂപ്പര്‍താരങ്ങളെ ടീമിലെത്തിച്ചിട്ടും പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവയ്ക്കാന്‍ കഴിയാത്താണ് ഉടമകളായ ഖത്തര്‍ സ്പോര്‍ട്സ് ഇന്‍വെസ്റ്റ്മെന്റ്സിനെ കടുത്ത നടപടിക്കു പ്രേരിപ്പിക്കുന്നത്.

2021 പുതുവര്‍ഷത്തിലാണ് തോമസ് ടുഷലിനെ പുറത്താക്കി ടോട്ടനം പരിശീലകനായിരുന്ന പൊട്ചെറ്റീനോയെ പി.എസ്.ജി. മുഖ്യപരിശീലകനാക്കുന്നത്. ഫ്രഞ്ച് ലീഗ് വണ്ണില്‍ മികച്ച് പ്രകടനം കാഴ്ചവയ്ക്കാനായെങ്കിലും ചാമ്പ്യന്‍സ് ലീഗ് കിരീടം ടീമിനു കിട്ടാക്കനിയായി തുടരുന്നതു പൊട്ചെറ്റീനോയ്ക്കു വിനയായി. ഒപ്പം മെസി ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ മുഖ്യപരിശീലകന്‍ പരാജയമാണെന്ന വിലയിരുത്തലുമുണ്ടായി.ഇതോടെയാണ് പൊട്ചെറ്റീനോയ്ക്കു പകരക്കാരനെ തേടാന്‍ ടീം ഉടമകള്‍ ആലോചന തുടങ്ങിയത്. പുതിയ പരിശീലകനായി സിനദിന്‍ സിദാനെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ മാനേജ്മെന്റ് തകൃതിയാക്കിയെന്നു വിവരമുണ്ട്.

റയാല്‍ മാഡ്രിഡ് പരിശീലകക്കുപ്പായം അഴിച്ചുവച്ചശേഷം സിദാന്‍ മറ്റൊരിടത്തേക്കും ചേക്കേറിയിട്ടില്ല. വന്‍തുക മുടക്കി സിദാനെ പി.എസ്.ജിയിലെത്തിക്കുകയെന്ന ദൗത്യം ലക്ഷ്യത്തിലെത്തിയേക്കുമെന്നാണു സൂചനകള്‍.കഴിഞ്ഞദിവസമാണ് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുമായി പി.എസ്.ജി. പുതിയ കരാര്‍ ഒപ്പുവച്ചത്. ഇതനുസരിച്ച് 2025 വരെ എംബാപ്പെ ടീമില്‍ തുടരും. പ്രതിവര്‍ഷം 50 ദശലക്ഷം യൂറോ വേതനമായി താരത്തിനു ലഭിക്കുമെന്നാണു വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →