ഒരു വർഷത്തെ പറ്റി ഒന്നരവർഷം നീളമുള്ള നുണകളുമായി വനം മന്ത്രി

സർക്കാരിൻറെ ഒരു വർഷം തികയുന്ന വേളയിലാണ് വനത്തെയും ജനത്തെയും സംരക്ഷിച്ചതിൻറെ രേഖാചിത്രം ലേഖന രൂപത്തിൽ പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തി തുടങ്ങിയത്. ഇത്തരം മന്ത്രി ലേഖനങ്ങൾ ഒന്നും സാധാരണ വായനക്കാർ വായിക്കാറില്ലാത്തതിനാൽ ഉള്ളടക്കത്തിൽ എന്തുപറഞ്ഞാലും പേടിക്കേണ്ടതുമില്ല.

ചോദിക്കാതിരിക്കാനാവില്ല ജനദ്രോഹം 

മന്ത്രിക്കും ഉദ്യോഗസ്ഥർക്കും അഞ്ചരയ്ക്കും കോപ്പിനുമുള്ളതിനേ നികുതിപ്പണം ഉള്ളൂ എന്നത് ലോകപ്രസിദ്ധമായ കേരള മോഡൽ എക്കണോമിക്സ് ആയതിനാൽ പൗരൻമാർക്കുണ്ടായ ക്ഷേമം അളന്ന് അധികം വിഷമിക്കേണ്ടതില്ല. ഗുണമുണ്ടായില്ലെങ്കിലും ദ്രോഹം ചെയ്യാൻ ഏറ്റവും പറ്റിയതാണ് ഉദ്യോഗസ്ഥ സംവിധാനം. ആ നിലയിൽ നോക്കുമ്പോൾ കഴിഞ്ഞ ഒരു വർഷം വനംവകുപ്പു കൊണ്ട് ജനങ്ങൾക്കുണ്ടായ ദ്രോഹങ്ങൾ എഴുതാൻ ഒന്നര കൊല്ലം തന്നെ വേണം. ജനദ്രോഹങ്ങളെല്ലാം ഒരു തട്ടിൽ വച്ചു കഴിഞ്ഞാൽ മറ്റേ തട്ടിൽ വയ്ക്കുന്നത് ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ്. രണ്ടും കൂടി തൂക്കുമ്പോൾ മറ്റേതിനാണല്ലോ തൂക്കക്കൂടുതൽ. കൂടുതലിൽ നിന്ന് കുറവുള്ളത് കുറച്ചാൽ കിട്ടുന്നതാണ് മിച്ചം. ഈ മിച്ചത്തെ പറ്റിയാണ് മന്ത്രിയും പറയുന്നത്. അതിൻ പ്രകാരം വനസംരക്ഷണവും ജനസംരക്ഷണവും ഒരേ പോലെ പൂത്തുലഞ്ഞ സുന്ദരവാസരമായിരുന്നു പടി കടന്നു പോകുന്നത്.   വനസംരക്ഷണം ജനസമൂഹം ഏറ്റെടുത്തിട്ടുള്ള കാര്യമാണ്. പക്ഷേ കേരളത്തിൽ അങ്ങനെയല്ല. ജനവും വനവും തമ്മിൽ എന്തോ വൈരനിര്യാതനം ഉണ്ടെന്നാണ് എപ്പോഴും ധ്വനി. മാത്രമല്ല ആഗോളതാപനത്തെ പറ്റി കേരളത്തിലുള്ളവരെ നിശ്ചയമായും പഠിപ്പിച്ചിരിക്കണമെന്നാണ് വനം വകുപ്പിന്റേയും പരിസ്ഥിതി പണ്ഡിതരുടെയും മതം.  കാരണം കണ്ണുതെറ്റിയാൽ മലയാളി ആഗോളതാപനത്തിന്റെ അടുപ്പിൽ തീ കത്തിച്ചു കളയുമല്ലോ?!

ഗൾഫിലെ എണ്ണ വറ്റുന്നതുവരെ അമേരിക്കയ്ക്ക് ഫോസിൽ ഇന്ധനം മതി. പക്ഷെ ഇന്ത്യയിലും മറ്റും എരുമ, പശു തുടങ്ങിയ വളർത്തുമൃഗങ്ങൾ അധോവായു വിടുന്നതും ചാണകം ഇടുന്നതും സി എഫ് സി വാതകങ്ങൾക്കും ആഗോളതാപനത്തിനും കാരണമാകുന്നതിന്റെ കണക്കു വരെ അമേരിക്ക എടുക്കുന്നുണ്ട്. സ്റ്റാറ്റിസ്റ്റിക്സിന്റെ ഒരു വളർച്ച അത്ഭുതാവഹം തന്നെ! ഇതിൻറെ കൂടെ വിവരസാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം കൂടി വന്നതോടെ കേരളത്തിൽ ബോധവൽക്കരണം എളുപ്പമായി . ഇല്ലായിരുന്നുവെങ്കിൽ മലയും കുന്നും തോടും ഒക്കെയുള്ള കേരളത്തിൽ നടന്നുനടന്ന് വനംവകുപ്പ് ശാസ്ത്രജ്ഞന്മാരുടെയും പരിസ്ഥിതി ബുദ്ധിജീവികളുടെയും കാലു തേഞ്ഞു പോയേനെ!!

മന്ത്രിയും കാലാവസ്ഥാവ്യതിയാനവും 

മന്ത്രിയുടെ വായ്ത്താരിയും ആഗോളതാപനത്തിലാണ് തുടങ്ങുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ഒട്ടേറെ പരിപാടികൾ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ വനംവകുപ്പ് നന്നായി നടത്തി പോലും. ഒറ്റ കൊല്ലം കൊണ്ട് തന്നെ ലക്ഷ്യം കൈവരിച്ചത് വളരെ ഗംഭീരമായി! 500 കൊല്ലങ്ങളിലേറെയായി അമേരിക്കയും യൂറോപ്പും അടക്കമുള്ള വ്യാവസായിക രാജ്യങ്ങൾ ലക്കും ലഗാനുമില്ലാതെ നടത്തിയ പ്രവർത്തനങ്ങളും അതിൻറെ വഴിയിലേക്ക് ലോകംമുഴുവൻ പോയതും മൂലം ഭൗമ അന്തരീക്ഷത്തിന് വന്ന മാറ്റം കൈ കോണകത്തിൻറെയത്രയുള്ള കേരളത്തിലിരുന്ന് ഒറ്റ കൊല്ലംകൊണ്ട് ശരിയാക്കി എന്നൊക്കെ പറയാൻ ധൈര്യം മാത്രം പോരാ വിവരക്കേടും നാണമില്ലായ്മ കൂടി വേണം. അതും സമൃദ്ധമായി!

കൃഷിഭൂമി വനഭൂമിയാക്കുന്നത് ഭംഗിയായി നടത്തുന്നുവെന്ന് മന്ത്രി

പന്നിയെത്ര കൊന്നു? ആനയെത്ര കൊന്നു? എത്ര കർഷകരുടെ ഭൂമി നശിപ്പിച്ചു?

ഒരുവർഷത്തെ നേട്ടത്തിലൊന്ന് കേൾക്കുക. വേമ്പനാട്, ശാസ്താംകോട്ട, അഷ്ടമുടി, തൃശ്ശൂരിലെ കോൾനിലങ്ങൾ ഇവ അന്തർദേശീയ സംരക്ഷണ പ്രാധാന്യമുള്ള റാംസർ സൈറ്റുകളായി പ്രഖ്യാപിച്ചു. 

മറ്റൊന്നു കൂടി. വനത്തെ ആശ്രയിക്കുന്ന സമൂഹങ്ങളുടെ ആശ്രിതത്വം കുറയ്ക്കുക, ക്ഷയോന്മുഖ വനങ്ങളുടെ പുനഃസ്ഥാപനം തുടങ്ങിയ ലക്ഷ്യങ്ങൾക്കായി ഗ്രീൻ ഇന്ത്യ മിഷൻ നടപ്പാക്കിവരുന്ന 465 ആദിവാസി കോളനികളുടെ സമീപത്തായി ഒരു ലക്ഷത്തോളം മരങ്ങൾ വച്ചു പിടിപ്പിച്ചു. 

ഈ രണ്ട് പരിപാടികളും അന്താരാഷ്ട്ര പദ്ധതികളാണ്. ഇവിടത്തെ നടത്തിപ്പുകാർ വനംവകുപ്പുമാണ്. നല്ല നല്ല പേരുകൾ. ബുദ്ധിജീവികൾക്ക് വാചകമടിച്ച് ആനന്ദിക്കാനും ആനന്ദിപ്പിക്കാനും പറ്റിയ മേച്ചിൽപുറം. പക്ഷേ പരിപാടിയുടെ പച്ചയായ ലക്ഷ്യവും പരിസമാപ്തിയും എന്തായിരിക്കുമെന്ന് പരിശോധിക്കാം.

സരിതയുടെ സോളാറും മന്ത്രിയുടെ ഗ്രീൻ ഇന്ത്യയും

2011-ൽ യുപിഎ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് ഗ്രീൻ ഇന്ത്യാ മിഷൻ. ആഗോളതാപനം തടയാനായി ലോകത്തു മുഴുവൻ മരങ്ങൾ വച്ചു പിടിപ്പിക്കുന്ന ആഗോള പരിപാടിയാണിത്. അമേരിക്കയും യൂറോപ്പും ജപ്പാനും അടക്കമുള്ള വ്യാവസായിക രാജ്യങ്ങൾ രൂപീകരിച്ച കാർബൺ ഫണ്ട് ആണ് ഇതിന് കൊടുക്കുന്നത്. ഒരു ടൺ കാർബൺ ഡൈ ഓക്സൈഡിനെ വലിച്ചെടുത്ത് ഓക്സിജൻ ആക്കി മാറ്റാൻ എത്ര മരങ്ങൾ വളർത്തണമോ അത്രയും മരങ്ങൾ ആരു വച്ചുപിടിപ്പിച്ചു വളർത്തിയാലും ആ പണം അവർക്ക് കൊടുക്കുന്നതാണ് പരിപാടി. ഊർജ്ജ ഉത്പാദനം കൽക്കരിക്കും ഡീസലിനും പകരം കാറ്റിൽ നിന്നോ ഊർജ്ജ സൗരോർജ്ജത്തിൽ നിന്നോ ആക്കിയാൽ അതിനും കിട്ടും ഈ കാർബൺ ഫണ്ട്.

സോളാർ പാനൽ സർക്കാർ സബ്സിഡിയോടെ വിൽക്കുകയും അതിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവനുസരിച്ച് കാർബൺ ഫണ്ട് വാങ്ങിയെടുക്കുകയും ലാഭമുണ്ടാക്കുകയും ലക്ഷ്യമിട്ട് അക്കാലത്ത് ധാരാളം കമ്പനികൾ മുളച്ചു വന്നിരുന്നു. സരിതയുടേതടക്കം. ഈ ഫണ്ടിൽ നിന്ന് സൂത്രത്തിൽ അമേരിക്ക പിൻവാങ്ങി. ആഗോളതാപനം മൂലം അമേരിക്കൻ നഗരങ്ങൾ ഉടനെ മുങ്ങാൻ പോകുന്നില്ല. മാത്രമല്ല ഗൾഫിൽ ഇനിയും എണ്ണ ധാരാളമുണ്ട്. കുറഞ്ഞ വിലയ്ക്ക് കിട്ടാൻ. അതിൻറെ ഉപഭോഗവും ലാഭവും വേണ്ടെന്ന് വച്ചിട്ട് കയ്യിലുള്ള കാശ് ചെലവഴിച്ച് ആഗോളതാപനം തടഞ്ഞിട്ട് അമേരിക്കയ്ക്ക് എന്ത് കാര്യം? അവർ പിൻവലിഞ്ഞതോടെ ഫണ്ടിൻറെ അളവ് കുറഞ്ഞു. നക്കാപിച്ച പൈസയുടെ കച്ചവടമായി ചുരുങ്ങി. സരിതയുടെ കമ്പനിയടക്കം എല്ലാ കമ്പനികളും പ്രതിസന്ധിയിലായി. കേസിലായി.

അമേരിക്ക പിൻവലിയുക മാത്രമല്ല ആഗോളതാപനത്തിന്റെ കാരണത്തെപ്പറ്റി പുതിയ ചില പഠനങ്ങൾ നടത്തിക്കുകയും പുതിയ കാരണങ്ങൾ കണ്ടെത്തുകയും ചെയ്തു. അതിലൊന്നാണ് ഇന്ത്യയിലും ആഫ്രിക്കയിലും ഒക്കെ പുല്ലു തിന്നു വളരുന്ന ജീവികൾ വിടുന്ന അധോവായുവിൻറെ ആഗോള ഉല്പാദനവും ആളാംപ്രതി  കണക്കുമൊക്കെ പുറത്തുവന്നത്. അതോടെ ചിത്രം മാറി. വ്യവസായവൽക്കരണമല്ല പ്രശ്നം, ഗ്യാസ് പുറന്തള്ളുന്ന പശുവും എരുമയും ഒക്കെയായി കാരണക്കാർ. വ്യവസായ ലോകത്തിനും വ്യാവസായിക രാജ്യങ്ങൾക്കും പഴയ ദോഷത്തിൽ നിന്ന് രക്ഷയായി. അമേരിക്ക തടിയൂരി. കൂടുതൽ പുകക്കുഴലുകൾ തുറന്നുവെച്ചു.

കാർബൺ ഫണ്ട് കണ്ട് സരിത മാത്രമല്ല, വനം വകുപ്പ് ഉദ്യോഗസ്ഥരും പന്നിയെ വളർത്തിയിരുന്നു.അതിൻറെ പേരാണ് ഗ്രീൻ ഇന്ത്യാ മിഷൻ. അന്താരാഷ്ട്ര പരിസ്ഥിതിക്കാരുടെ ഇന്ത്യൻ ബ്രാഞ്ച് കമ്മിറ്റിയായ വനംവകുപ്പ് ആഗോളതാപനം തടയാൻ ആവിഷ്കരിച്ച പരിപാടിയാണിത്. കയ്പുള്ള സാധനം മധുരം പുരട്ടി നൽകുന്നതു പോലെയാണ് ഈ പദ്ധതി. താപനം തടയാൻ ഇന്ത്യ നെഞ്ചുവിരിച്ച് ആഗോള ഗോദായിൽ നിൽക്കുന്നു. ഒറ്റവർഷം കൊണ്ട് 60 മില്യൺ കാർബൺഡൈഓക്സൈഡ് വലിച്ചെടുത്ത് ഇല്ലാതാക്കുമെന്നാണ് അത് പ്രഖ്യാപിച്ചത്. 15 ലക്ഷം ഹെക്ടർ നിബിഡ വനവും 40 ലക്ഷം ഹെക്ടർ പുൽമേടുകളും 30 ലക്ഷം ഹെക്ടർ സാധാരണ വനവും 10 ലക്ഷം ഹെക്ടർ ചതുപ്പു നിലവും ഇതിനായി വന വനവത്ക്കരിക്കും. ഇതിൽ 18 ലക്ഷം ഹെക്ടർ ഭൂമി നിലവിൽ കൃഷി ചെയ്തു കൊണ്ടിരിക്കുന്ന ഭൂമിയാണ് എന്ന് പദ്ധതി രേഖയിൽ പറയുന്നു. 18 ലക്ഷം ഹെക്ടർ കൃഷിഭൂമി നഷ്ടമാകുന്ന കർഷകർ എന്തുചെയ്യുമെന്ന് പദ്ധതിരേഖ പറയുന്നില്ല. 46000 കോടി രൂപയുടേതാണ് പദ്ധതി. കാർബൺ ഫണ്ട് കിട്ടാൻ ഉണ്ടാക്കിയ പദ്ധതിയാണെന്ന് പറയേണ്ടതില്ലല്ലോ?

തൃശ്ശൂരിലെ കോൾ നിലങ്ങളും കൊല്ലത്തെ കായൽ നിലങ്ങളും റിസർവ് വനമാകും 

കോൾനിലത്തിന്റെ ഉടമസ്ഥരറിയാതെ ഭൂമി വനംവകുപ്പിന്റെ കയ്യിലേക്ക്

വീരവാദം മുഴക്കിയ പോലെ ഒറ്റ വർഷം കൊണ്ട് കാര്യമൊന്നും നടന്നില്ല. അമേരിക്ക പിൻവലിഞ്ഞതോടെ ഫണ്ട് കുറഞ്ഞു. പക്ഷേ വനംവകുപ്പ് വിട്ടിട്ടില്ല. ഇഴഞ്ഞും വലിഞ്ഞും പരിപാടി പുരോഗമിക്കുന്നുണ്ട്. 2022-ൽ കേരള വനം വകുപ്പിന്റെ നേട്ട പട്ടികയിൽ ഗ്രീൻ ഇന്ത്യാ മിഷൻ വന്നത് അങ്ങനെയാണ്. വനമാക്കാൻ പോകുന്ന 10ലക്ഷം ഹെക്ടർ ചതുപ്പു നിലത്തിന്റെ പരിധിയിൽ തൃശ്ശൂരിലെ കോൾനിലങ്ങൾ ഉണ്ട്. അവിടെ റോഡരികിലും വരമ്പുകളിലും വനംവകുപ്പിന്റെ മരത്തൈകൾ വന്നത് അങ്ങനെയാണ്. തൃശ്ശൂരിലെ കോൾ നിലങ്ങളുടെ ഉടമകൾക്ക് വയൽ നഷ്ടപ്പെടാൻ പോവുകയാണ്. വനംവകുപ്പിന്റെ കീഴിൽ ഇ എസ് ഐ ആയി അവ ഇപ്പോഴേ മാറിക്കഴിഞ്ഞിരിക്കുന്നു.അങ്ങനെ ആക്കി മാറ്റുന്നതിനുള്ള ഫണ്ടും വനംവകുപ്പ് സ്വീകരിച്ചുകഴിഞ്ഞു. ഇ എസ് ഐ എന്ന് പറഞ്ഞാൽ വനഭൂമിയാക്കാൻ റിസർവ് ചെയ്തിരിക്കുന്ന പ്രദേശം എന്നാണ് അർത്ഥം. ആഗോളതാപനം ഉണ്ടാക്കിയവരുടെയും പ്രായശ്ചിത്തം ചെയ്യേണ്ടവരുടെയും പട്ടികയിൽ തൃശ്ശൂരിലെ കോൾ നിലങ്ങളിലേയും വേമ്പനാട്ട്, അഷ്ടമുടി- കായൽ നിലങ്ങളിലേയും കർഷകരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം വലിയ നേട്ടമായി മന്ത്രി വിളമ്പിയിട്ടുണ്ട്. എന്നിട്ടും കർഷക സംഘടനകൾ നിശബ്ദരായി ഇരിക്കുന്നത് കേരള മോഡൽ തന്നെ.

റാംസർ സൈറ്റുകളിലെ കർഷകരും കർഷക കുടുംബാംഗങ്ങളും വനംവകുപ്പിന്റെ കീഴിലേക്ക് പെടുന്നതും, ഭൂമിയുടെ സ്റ്റാറ്റസ് റിസർവ് വനമാകുന്നതും നേട്ടമായി പറയാനും കൈയ്യടിച്ചു സ്വീകരിക്കാനും പറ്റുന്ന ലോകത്തെ ഏക സ്ഥലം കേരളമാണെന്ന് പറയേണ്ടിയിരിക്കുന്നു.

ഗ്രീൻ ഇന്ത്യാ മിഷനിൽ വനം ആക്കി മാറ്റാൻ പോകുന്നു എന്നു പറയുന്ന ക്ഷയിച്ച വനഭൂമി ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലെ മലയോരത്തെ കൃഷിക്കാരുടെ കൈവശഭൂമിയാണ്. ഇ എഫ് എൽ, ഇ എസ് ഐ, വന്യജീവികേന്ദ്രത്തിന്റെ ബഫർസോൺ, നിർമ്മാണ നിരോധനമുള്ള ഭൂമി, ഇങ്ങനെ പല പേരുകളിലാണ് കൃഷിക്കാരെ തള്ളിനീക്കി കൃഷിഭൂമി വനഭൂമിയാക്കി മാറ്റി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രകടനം പൂർവ്വാധികം മെച്ചമായിരുന്നു എന്ന് വനം മന്ത്രി പറയുന്നു.

എത്ര പന്നിയെ കൊന്നു?
പന്നി എത്ര കൊന്നു

2800 പന്നിയെ കൊന്നത് ഭരണ നേട്ടമായി മന്ത്രി പറയുന്നുണ്ട്. പന്നി എത്രപേരെ കൊന്നു എന്നതിൻറെ കണക്ക് ഓഡിറ്റിങ്ങിന് ശേഷം അറിയിക്കുമെന്ന് കരുതാം .കാട്ടാനയും മറ്റ് വന്യജീവികളും കൊന്നതിന്റെ കണക്കുകളും വൈകാതെ എത്തും. വനംവകുപ്പിന്റെ നേട്ടങ്ങളുടെ കൂടെ പെടുത്തിയാലും അത് ഫലിതമായിരിക്കില്ല. 

വന്യമൃഗങ്ങൾ മൂലം കൃഷി നശിച്ചവരുടെ എണ്ണവും നാശനഷ്ടങ്ങളുടെ കണക്കും ഇതിൽ രേഖപ്പെടുത്തിയാലും അത്ഭുതം വേണ്ട. 28641.64 ഹെക്ടർ വനഭൂമിയിൽ തേക്ക്, യൂക്കാലി, വാറ്റിൽ, എന്നിവ വച്ച് പിടിപ്പിച്ചിട്ടുണ്ടായിരുന്നു. അത് സ്വാഭാവിക വനമാക്കി മാറ്റാൻ പദ്ധതി നടപ്പാക്കുന്നത് നേട്ടങ്ങളുടെ പട്ടികയിൽ ഉണ്ട്.   ഇതും നേട്ടമാണത്രേ!!

ഇതിനൊക്കെ എന്താ നിങ്ങളുടെ നാട്ടിൽ വിളിക്കുക

നല്ല സ്വാഭാവിക വനം കോടിക്കണക്കിന് രൂപ മുടക്കി നശിപ്പിച്ച് യൂക്കാലിയും വാറ്റിലും വച്ച് പിടിപ്പിച്ച് ഇല്ലാതാക്കി. ഇനി അതിലുമേറെ പണം ചെലവഴിച്ച് ബുൾഡോസറും മറ്റും ഉപയോഗിച്ച് അതെല്ലാം പിഴുതുമാറ്റി സ്വാഭാവിക വനം വച്ചുപിടിപ്പിക്കുവാൻ പോകുന്നു! എത്ര ഗംഭീരമായ നേട്ടം!! ഇതിന് പണമില്ലെങ്കിൽ ജപ്പാനിൽ നിന്നോ മറ്റോ വായ്പയും കിട്ടും. നല്ല വനം നശിപ്പിച്ച് യൂക്കാലിയും വാറ്റിലും വച്ചപ്പോൾ ചിലവഴിച്ച പണത്തിൽ നിന്ന് എത്ര ശതമാനം ആരുടെയൊക്കെ പോക്കറ്റിൽ പോയി എന്ന് അന്വേഷിക്കുകയും, ചുമതലക്കാർക്കെതിരെ സ്വാഭാവിക വനം നശിപ്പിച്ചതിന് കേസെടുക്കുകയും ആയിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്? ഒടിഞ്ഞുവീണ മരക്കൊമ്പ് എടുത്തതിന് കേസെടുക്കുന്നവർക്ക് 28641 ഹെക്ടറിലെ സ്വാഭാവിക വനം നശിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല? അതിൻറെ പരിസ്ഥിതി നഷ്ടം ഈടാക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല? ചുരുങ്ങിയ പക്ഷം ആ നഷ്ടം എത്രയെന്ന് വെളിപ്പെടുത്തുകയെങ്കിലും ചെയ്തിരുന്നുവെങ്കിൽ അതൊരു ഭരണനേട്ടവും പാഠവും ആകുമായിരുന്നു. പറയുന്നവർക്ക് നാണമില്ലാതെ വരുന്നത് അത്ര കൂടി നാണമില്ലാത്ത കേൾവിക്കാർ ഉണ്ടാകുമ്പോഴാണ്. അതിനൊക്കെ ആരാധകർ കൂടി ഉണ്ടാകുന്ന നാട്ടിൽ കോമൺസെൻസിന്റെ ചോദ്യങ്ങൾക്ക് എന്ത് സ്ഥാനം?

ആഗോളതാപനത്തിന് മുട്ടിടാൻ വേണ്ടി മലയോര കൃഷിക്കാരനെ തുരത്തി കൊണ്ടിരിക്കുന്നു. ചതുപ്പു നിലത്തിൻറെ രക്ഷയുടെ മറവിൽ കോൾ നിലങ്ങളും കായൽ നിലങ്ങളും ഈ എഫ് എൽ ആയി പ്രഖ്യാപിച്ച് ആ കർഷക സമൂഹത്തിൻറെ വേരും തോണ്ടാൻ പോകുന്നു. എല്ലാറ്റിനും പൗരന്റെ നികുതി പണവും പൗരനെ പണയം വെച്ച വായ്പ പണവും ഉപയോഗിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ വിരിക്കുന്ന പായയിൽ സ്വസ്ഥമായി കൈയും വെച്ച് അഞ്ചുവർഷം കിടന്നുറങ്ങിയിട്ട് എഴുന്നേറ്റ് പോകുന്നതല്ലാതെ ആ വകുപ്പിൽ എത്ര പണം എന്തിനൊക്കെ ചെലവിടുന്നു എന്നോ, അതുകൊണ്ട് കാട്ടിലും നാട്ടിലും എന്തു  ഗുണം വന്നു എന്നോ അന്വേഷിച്ച ഒരൊറ്റ വനംമന്ത്രിയും സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥർ തയ്യാറാക്കിയ ബ്രോഷർ നോക്കി ഒന്നാന്തരം ജനദ്രോഹം കേമത്തമായി വിളമ്പുന്നതിന് എന്താണ് വിളിക്കുക? ഓരോ നാട്ടിലും ഓരോ വിളികളല്ലേ? കേസ് വരാത്തവിധത്തിൽ വിളിക്കാം. 

Share