​​​​​​​മേളയ്ക്ക് എത്താനായില്ല; മേരിക്ക് ആശുപത്രിയിലെത്തി പട്ടയം കൈമാറി കളക്ടർ

കോട്ടയം: ചികിത്സയിലായതിനാൽ പട്ടയമേളയിൽ പങ്കെടുക്കാൻ കഴിയാതിരുന്ന പുന്നത്തുറ കുഴിക്കോട്ടപറമ്പ് ലക്ഷം വീട് കോളനിയിലെ മേരി മാത്യുവിന് ആശുപത്രിയിലെത്തി ജില്ലാ കളക്ടർ പട്ടയം കൈമാറി.  

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒൻപതാം വാർഡിൽ ചികിത്സയിൽ കഴിയുന്ന മേരിയെ സന്ദർശിച്ചാണ് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പട്ടയരേഖ കൈമാറിയത്. രോഗത്തിന്റെ അവശത മറന്ന് കിടക്കയിൽ നിന്ന് മകൾ ആലീസിന്റെയും മരുമകൾ ഷാന്റി സാബുവിന്റെയും സഹായത്തോടെ എഴുന്നേറ്റിരുന്ന് മേരി കളക്ടറിൽനിന്ന് പട്ടയം സ്വീകരിച്ചു.

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ ഭൂരഹിതരായ മുഴുവൻ ജനങ്ങളേയും ഭൂമിയുടെ ഉടമകളാക്കി മാറ്റുന്നതിനുള്ള സർക്കാർ നടപടികളുടെ ഭാഗമായാണ് പട്ടയം അനുവദിച്ചത്. കോട്ടയം താലൂക്കിൽ പട്ടയം അനുവദിച്ച 85 പേരിൽ 83 പേരും കഴിഞ്ഞ മാസം 30ന് നടന്ന പട്ടയമേളയിൽ റവന്യൂ-ഭവനനിർമാണ മന്ത്രി അഡ്വ. കെ. രാജനിൽനിന്ന് രേഖ സ്വീകരിച്ചിരുന്നു. എന്നാൽ ആശുപത്രിയിലായതിനാൽ മേരിക്ക് മേളയിലെത്താനായില്ല. മേരി രോഗക്കിടക്കയിലാണെന്നറിഞ്ഞ ജില്ലാ കളക്ടർ ആശുപത്രിയിലെത്തി പട്ടയം കൈമാറുകയായിരുന്നു. 50 വർഷമായി താമസിക്കുന്ന 3.01 സെന്റ് (1.22 ആർ) സ്ഥലത്തിന്റെ കോളനി പട്ടയമാണ് മേരിക്ക് സ്വന്തമായത്.

ഏക മകൻ അപകടത്തിൽ മരിച്ചതോടെ മേരിയും മരുമകളുടെയും
ജീവിതം പ്രതിസന്ധിയിലായിരുന്നു. രണ്ടു പേർക്കും ക്ഷേമപെൻഷൻ ലഭിച്ചതിനാൽ പ്രതിസന്ധികളെ ഒരുപരിധിവരെ നേരിടാൻ സാധിച്ചെങ്കിലും രോഗം വലയ്ക്കുന്നു.  
എ.ഡി.എം. ജിനു പുന്നൂസ്, ഏറ്റുമാനൂർ നഗരസഭാംഗം മഞ്ജു അലോഷ്, എൽ.ആർ. ഡെപ്യൂട്ടി കളക്ടർ ഫ്രാൻസിസ് സാവിയോ, കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽ കുമാർ എന്നിവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →