ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന- വിപണന മേളയിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയും ഉത്പന്ന വൈവിധ്യവത്ക്കരണവും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി.
സെയിന്റ് ഗിറ്റ്‌സ് കോളേജ് സീനിയർ പ്രൊഫസർ ഡോ. കെ.എ. അഞ്ജു വിഷയം അവതരിപ്പിച്ചു. മൂല്യവർധിത ഉത്പ്പന്നങ്ങളുടെ നിർമാണം, വിപണന സാധ്യത തുടങ്ങിയവ സെമാറില്‍ വിശദീകരിച്ചു. ചെറുകിട കർഷകർക്ക് മൂല്യവർധിത ഉത്പന്ന സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള സർക്കാർ സഹായങ്ങൾ, സാങ്കേതിക ഉപകരണങ്ങൾ ലഭ്യമാകുന്ന സ്ഥലങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങളും അവതരിപ്പിച്ചു.
കർഷകർക്കായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന വിവിധ പദ്ധതികൾ, പലിശ രഹിത വായ്പാ സബ്സിഡി തുടങ്ങിയവയെക്കുറിച്ച് നബാർഡ് കൺസൾട്ടൻസി സോണൽ കോ-ഓർഡിനേറ്റർ അശ്വതി മോഹൻ വിശദമാക്കി.
തൃക്കുന്നപ്പുഴ കൃഷി ഓഫീസർ എസ്. ദേവിക മോഡറേറ്ററായിരുന്നു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രമാദേവി, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ മേഴ്‌സി, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.