തീവ്രവാദ പ്രവര്‍ത്തനത്തിന് പണം: യാസിന്‍ മാലിക് കുറ്റക്കാരനെന്ന് കോടതി

ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനത്തിന് പണം സമാഹരിച്ചെന്ന കേസില്‍ കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് കുറ്റക്കാരനാണെന്ന് ഡല്‍ഹി എന്‍.ഐ.എ. കോടതി. പിഴയിടേണ്ട തുകയെപ്പറ്റി അന്വേഷണം നടത്താന്‍ എന്‍.ഐ.എയ്ക്കു കോടതി നിര്‍ദേശം നല്‍കി. എന്തു ശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ 25-നു വാദം നടത്തും.ഇതേ കേസില്‍, ബിട്ട കരാട്ടെ എന്നറിയപ്പെടുന്ന ഫാറൂഖ് അഹമ്മദ് ദര്‍ ഉള്‍പ്പെടെയുള്ള വിഘടനവാദി നേതാക്കള്‍ക്കെതിരേ കോടതി കുറ്റം ചുമത്തുകയും ചെയ്തു.ഒട്ടേറെ കശ്മീരി പണ്ഡിറ്റുകളെ കൊന്നുതള്ളിയിട്ടുണ്ടെന്നു ബിട്ട കരാട്ടെ തുറന്നുപറയുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. നിരോധിത സംഘടനയായ ജമ്മു കശ്മീര്‍ വിമോചന മുന്നണിയുടെ (ജെ.കെ.എല്‍.എഫ്) നേതാവാണു യാസിന്‍ മാലിക്. നാവികസേനാ ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്ന കേസിലടക്കം പ്രതിയാണ്. രാജ്യസുരക്ഷാ നിയമടക്കം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഭീകരവാദം, ഭീകരവാദത്തിനായുള്ള പണസമാഹരണം, ഭീകരാക്രമണത്തിന് വേണ്ടിയുള്ള ഗൂഢാലോചന, ഭീകരസംഘത്തിലെ അംഗത്വം തുടങ്ങിയ കുറ്റങ്ങള്‍ സമ്മതിക്കുകയാണെന്ന് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

യു.എ.പി.എയും രാജ്യദ്രോഹം, ഗൂഢാലോചന തുടങ്ങി ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. പൊതുവായ കുറ്റകൃത്യത്തിനു വേണ്ടി പ്രതികള്‍ സംഘടിച്ചു പ്രവര്‍ത്തിച്ചത് സാക്ഷിമൊഴികളില്‍നിന്നും രേഖകളില്‍നിന്നും വ്യക്തമാണെന്നു കോടതി പറഞ്ഞു.ജമ്മു കശ്മീരിനെ ഇന്ത്യയില്‍നിന്നു വിഘടിപ്പിക്കുകയാണു ലക്ഷ്യമെന്ന കുറ്റാരോപണം പ്രതികളിലൊരാളും നിഷേധിച്ചിട്ടില്ല. പാകിസ്താന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഭീകരസംഘടനകളുമായി ഇവര്‍ക്കുള്ള ബന്ധം വ്യക്തമാണെന്നും കോടതി പറഞ്ഞു. ഇതുസംബന്ധിച്ച് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →