ന്യൂഡൽഹി: റഷ്യ – ഉക്രയിൻ യുദ്ധത്തെ തുടർന്ന് യുക്രൈനിൽ നിന്നും തിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർപഠനം പറ്റില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ വിദ്യാർത്ഥികൾക്ക് പശ്ചിമബംഗാൾ സർക്കാർ പ്രാക്ടിക്കൽ ക്ലാസിന് സൗകര്യമൊരുക്കിയത് ചട്ടവിരുദ്ധമാണെന്നും സംസ്ഥാനങ്ങൾക്ക് സ്വന്തമായി തീരുമാനിക്കാൻ ആവില്ലെന്നും ദേശീയ മെഡിക്കൽ കമ്മീഷൻ വ്യക്തമാക്കി. ഇതോടെ കേന്ദ്രവും ബംഗാളും തമ്മിൽ പുതിയ പോരിനു വഴിയൊരുങ്ങി.
ബംഗാൾ സർക്കാരിന്റെ നടപടി അംഗീകരിക്കാൻ സാധ്യമല്ല എന്നും ഈ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ഉള്ള സ്ക്രീനിങ് ടെസ്റ്റ് എഴുതാനാവില്ല എന്നും മെഡിക്കൽ കമ്മീഷൻ വ്യക്തമാക്കി.
അതേസമയം നാല്, അഞ്ച് വർഷ വിദ്യാർഥികൾക്ക് ബംഗാൾ സർക്കാർ കോളേജുകളിൽ പ്രാക്ടിക്കൽ പരിശീലനത്തിന് ഒബ്സർവിംഗ് സീറ്റുകൾ ഒരുക്കിയതും വിവാദമായി. ഇന്ത്യയിൽ ഇത്തരമൊരു സംവിധാനമില്ലെന്ന് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ ഫെഡറേഷൻ പ്രസിഡന്റ് ഡോ: രോഹൻ കൃഷ്ണൻ പറഞ്ഞു.
കേന്ദ്രം ഉത്തരവാദിത്വം ഏറ്റെടുക്കാത്തതിനാൽ യുക്രൈയിനിൽനിന്ന് ബംഗാളിലെത്തിയ 212 വിദ്യാർത്ഥികൾക്ക് തുടർ പഠനം ഒരുക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിദേശത്ത് കോഴ്സ് ചെയ്യുന്ന വിദ്യാർത്ഥികൾ തിയറിയും പ്രാക്ടിക്കലും 12 മാസം ഇന്റേണ്‍ഷിപ്പ് ഒരേ കോളേജിൽ ചെയ്യണമെന്ന ചട്ടത്തിന്റെ ലംഘനമാണിതെന്ന് മെഡിക്കൽ കമ്മീഷൻ ചൂണ്ടിക്കാട്ടി. ചട്ടം ലംഘിക്കുന്നവർക്ക് ഇന്ത്യയിൽ ലൈസൻസിനുള്ള മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷ എഴുതാൻ ആകില്ല. എന്നാൽ, സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ സീറ്റുകൾ വർധിപ്പിച്ച ശേഷമാണ് വിദ്യാർഥികൾക്ക് ക്ലാസ്സ് നൽകുന്നതെന്ന് ബംഗാൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു.

