രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം; സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. 31വർഷത്തിനുശേഷമാണ് ജയിൽമോചനം. 1991 ജൂൺ 11നാണ് പേരറിവാളൻ അറസ്റ്റിലായത്. 2018 ൽ പേരറിവാളന് മാപ്പുനൽകി വിട്ടയക്കാൻ തമിഴ്നാട് സർക്കാർ ഗവർണർക്ക് ശുപാർശ ചെയ്തിരുന്നു. ഇതിന്മേൽ ഇതുവരെ തീരുമാനം എടുത്തിരുന്നില്ല. തുടർന്നാണ് പേരറിവാളൻ സുപ്രീം കോടതിയെ സമീപിച്ചത്.

ഗൂഢാലോചനയിൽ പങ്കെടുത്തവരെന്ന് കൃത്യമായി തെളിയിക്കപ്പെട്ടവരുടെ ശിക്ഷ പോലും കോടതി ഇളവുചെയ്തു. 10 പേരെ വെറുതെ വിട്ടു. എന്നിട്ടും പതിനെട്ടാം പ്രതിയായ പേരറിവാളന് നീതിയുടെ വെളിച്ചം ലഭിച്ചില്ല. ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്ന് തീർച്ചപ്പെടുത്താൻ ആവാത്ത വിധം ദിവസങ്ങൾ തള്ളിനീക്കിയ പേരറിവാളന്റെ അമ്മ അർപ്പുതമ്മാൾ പേരറിവാളൻ സ്വതന്ത്രനാവുന്ന ദിവസത്തെ കണ്ണീരോടെ കാത്തിരിക്കുന്നു.

രാജീവ് ഗാന്ധിയെ വധിക്കാൻ ഗൂഢാലോചന നടത്തിയ എൽടിടി നേതാവ് ശിവരശന് സ്ഫോടകവസ്തുവായി 9 വോൾട്ട് ബാറ്ററി നൽകിയതിനാണ് പേരറിവാളൻ ശിക്ഷിക്കപ്പെട്ടത്. 1998 ൽ പേരറിവാളനടക്കം 26 പേർക്ക് വധശിക്ഷ വിധിച്ചിരുന്നു. തൊട്ടടുത്തവർഷം 19 പ്രതികളെ വെറുതെവിട്ടു. തുടർന്ന് പേരറിവാളൻ ദയാഹർജി നൽകി.

വധശിക്ഷ ഇളവു ചെയ്യുന്നതിന് നൽകിയ ദയാഹർജികൾ തീർപ്പാക്കുന്നതിൽ കാലതാമസം നേരിട്ടതിന്റെ പേരിലാണ് പേരറിവാളന് വധശിക്ഷ 2014 ജീവപര്യന്തമാക്കി കുറച്ചത്. 26 വർഷത്തെ തുടർച്ചയായ ജയിൽവാസത്തിനുശേഷം 2017 ജനുവരി 24-നാണ് പേരറിവാളന് ആദ്യമായി പരോൾ അനുവദിച്ചത്. ഏറ്റവും അവസാനമായി പരോളിന് ഇറങ്ങിയത് 2022 ഏപ്രിൽ മാസത്തിലാണ്.

Share
അഭിപ്രായം എഴുതാം