കനത്ത മഴയെ തുടർന്ന് നാശനഷ്ടം നേരിട്ട ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഉടൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കലക്ടററും ജില്ലാ ഭരണാധികാരികളും അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം വിളിച്ചാണ് മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി നിർദ്ദേശങ്ങൾ നൽകിയത്. കരുവന്നൂർ ഇല്ലിക്കൽ ബണ്ട് റോഡിലും മുടിച്ചിറയ്ക്കുമാണ് കാര്യമായി തകർച്ച സംഭവിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അടിയന്തര പ്രാധാന്യത്തോടെ ഇടപെടാനാണ് കളക്ടർക്ക് നിർദ്ദേശം.
കൂടുതൽ ദുരന്തത്തിലേക്ക് വഴിവെക്കാതിരിക്കാൻ വേണ്ടത് എത്രയും പെട്ടെന്ന് ചെയ്യാൻ കളക്ടർ സംഭവസ്ഥലം സന്ദർശിക്കുന്നുണ്ട്. കാലതാമസം കൂടാതെത്തന്നെ പൂർണമായ നവീകരണ പ്രവൃത്തികളും നടത്തും. ആരും ആശങ്കപ്പെടേണ്ടതില്ല. ഏതൊരു സാഹചര്യത്തെയും കൈകാര്യം ചെയ്യാൻ വേണ്ട നിർദ്ദേശങ്ങൾ കളക്ടർക്കും ഉദ്യോഗസ്ഥർക്കും പ്രദേശത്തെ ജനപ്രതിനിധികൾക്കും നൽകിയിട്ടുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.