എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരവും മികച്ച ചികിത്സയും ലഭിക്കാന്‍ ഇടപെടണമെന്ന് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വൈകിയതിന് കേരളസര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുള്ള 3704 പേരില്‍ എട്ട് പേര്‍ക്ക് മാത്രമാണ് പണം ലഭിച്ചതെന്ന് കോടതി വ്യക്തമാക്കി. ഇരകള്‍ക്ക് നഷ്ടപരിഹാരവും മികച്ച ചികിത്സയും ലഭിക്കാന്‍ ഇടപെടണമെന്ന് കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

സര്‍ക്കാരിന്റെ കണക്കുപുസ്തകത്തിലല്ല, ഇരകളുടെ കൈകളിലാണ് നഷ്ടപരിഹാരത്തുക എത്തേണ്ടതെന്നു ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഒരു സര്‍ക്കാരിനും ഇരകളെ അവഗണിക്കാന്‍ കഴിയില്ല. ഇരകള്‍ക്ക് നല്‍കുന്ന ചികിത്സാസഹായം ഉള്‍പ്പടെയുള്ള കാര്യത്തില്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ചീഫ് സെക്രട്ടറി വി. പി. ജോയിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു.2017 ജനുവരിയിലാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.

ഉത്തരവിറങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ എല്ലാവര്‍ക്കും നഷ്ടപരിഹാരം വിതരണം ചെയ്യാത്തതിനെ കോടതി വിമര്‍ശിച്ചു. എത്ര ഇരകള്‍ ഇതിനിടയില്‍ മരിച്ചിരിക്കാമെന്നു കോടതി ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് ആരാഞ്ഞു.ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി 200 കോടി രൂപ ഈ വര്‍ഷം ജനുവരി 15 നു ധനകാര്യവകുപ്പ് അനുവദിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ഇരകളുടെ കൈകളിലാണ് നഷ്ടപരിഹാരം എത്തേണ്ടതെന്നു കോടതി മറുപടി നല്‍കി. ചീഫ് സെക്രട്ടറിക്ക് എതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയ എട്ട് പേര്‍ക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം നല്‍കിയതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. 3417 പേര്‍ക്കാണ് നഷ്ടപരിഹാരത്തിന് അര്‍ഹതഉള്ളതെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു.

ചീഫ് സെക്രട്ടറിക്കെതിരേ കോടതിയെ സമീപിച്ച എട്ട് ഇരകള്‍ക്ക് കോടതി ചെലവുകള്‍ക്കായി അര ലക്ഷം രൂപ വീതം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി ജൂെലെ മൂന്നാം വാരം പരിഗണിക്കാനായി മാറ്റി. അതിന് മുമ്പ് ചീഫ് സെക്രട്ടറി പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →