ന്യൂഡല്‍ഹി: യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ജര്‍മനിയില്‍നിന്നു ഡെന്മാര്ക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സണ് നേരിട്ടു വിമാനത്താവളത്തിലെത്തി. തുടര്‍ന്ന് ഡാനിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ മാരിയെന്ബോര്ഗില് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തി. കോപ്പന്‍ഹേഗനിലെ വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കാന്‍ ഫ്രെഡറിക്സണ് നേരിട്ടെത്തിയതു വിശേഷപ്പെട്ട സൗഹൃദത്തിന്റെ അടയാളമായി കണക്കാക്കുന്നു എന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. രണ്ടു ദിവസം ഡെന്മാര്ക്കില് തങ്ങുന്ന പ്രധാനമന്ത്രി മോദി അവിടെ വിവിധ നേതാക്കന്മാരുമായും ബിസിനസ് മേഖലയിലെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. മാര്‍ഗരറ്റ്-2 രാജ്ഞിയുമായുള്ള കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.
ഡെന്മാര്ക്ക്, ഐസ്ലന്ഡ്, ഫിന്‍ലന്‍ഡ്, സ്വീഡന്, നോര്‍വേ പ്രധാനമന്ത്രിമാരെത്തുന്ന ഇന്ത്യാ-നോര്‍ഡിക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കും. സാമ്പത്തിക രംഗത്തെ സഹകരണം, ഹരിത ഊര്‍ജ മേഖലയിലെ പങ്കാളിത്തം തുടങ്ങിയവ ചര്‍ച്ചയാകും. ഉച്ചകോടിക്കു പുറമേ, ഈ പ്രധാനമന്ത്രിമാരുമായി വെവ്വേറെ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.
മോദിയെ സ്വീകരിക്കാന്‍ ഡെന്മാര്ക്ക് പ്രധാനമന്ത്രി വിമാനത്താവളത്തിലെത്തി
