തിരുവനന്തപുരം : കുറ്റകൃത്യങ്ങള്‍ക്കായി വാഹനം ഉപയോഗിച്ചാല്‍ വാഹനത്തിന്റെ പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു . വാഹനങ്ങള്‍ ഉപയോഗിച്ചുളള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. മോട്ടോര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്തായ വാഹനീയം ഉദ്ഘാടനം ചെയ്ത് സംസാരിക്കകുയായിരുന്നു മന്ത്രി.
നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുളള കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ മാത്രമാണ് പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കുന്നത്. എന്നാല്‍ വാഹനം ഉപയോഗിച്ചുളള കുറ്റ കൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മറ്റുകുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാലും വാഹനത്തിന്റെ പെര്‍മിറ്റും കുറ്റം ചെയ്ത വ്യക്തിയുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കുമെന്ന് മന്ത്രി പറഞ്ഞു.
മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതിനായി അടുത്ത മൂന്നുമാസക്കാലയളവില്‍ സ്പെഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇപ്പോള്‍ സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സിന് പകരം എലഗന്റ് കാര്‍ഡുകള്‍ 2022 മെയ്മാസം മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി

