മാതൃകാ നീർത്തടാധിഷ്ടിത സമഗ്ര വികസന പദ്ധതിയുമായി വേലൂർ പഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് പഞ്ചായത്തിൽ മാതൃകാ നീർത്തടാധിഷ്ടിത സമഗ്ര വികസന പദ്ധതി നടപ്പാക്കുന്നത്. ജില്ലയിൽ 16 പഞ്ചായത്തുകളിലാണ് പൈലറ്റ് അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.
കൃഷി, ജലസംരക്ഷണം, തൊഴിൽ സംരംഭകത്വം, മൃഗപരിപാലനം, ക്ഷീര വികസനം, മത്സ്യവികസനം, പ്രകൃതി സംരക്ഷണം എന്നീ മേഖലകളെ കൂടി സംയോജിപ്പിച്ചാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. ചൊവ്വന്നൂർ ബ്ലോക്കിലെ വേലൂർ പഞ്ചായത്തിൽ ജില്ലാ ആസൂത്രണ സമിതി, കില എന്നീ ഏജൻസികളുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നിർവ്വഹിക്കുന്നത്.
പദ്ധതിയുടെ നടത്തിപ്പിനായി പഞ്ചായത്ത് തല കമ്മറ്റിയും, വാർഡ് അടിസ്ഥാനത്തിൽ കമ്മിറ്റികളും രൂപീകരിച്ചു. നീരുറവ എന്ന് നാമകരണം ചെയ്ത ശിൽപശാല എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് അധ്യക്ഷത വഹിച്ചു. ജെ പി സി ഉഷ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ, പഞ്ചായത്ത് പ്രസിഡന്റുമാരായ രാജേന്ദ്രൻ, ഇ എസ് രേഷ്മ, ചിത്ര വിനോബാജി, രേഖ സുനിൽ, മിനി ജയൻ , കുടുംബശ്രീ ജില്ല കോർഡിനേറ്റർ രാധാകൃഷ്ണൻ, ടി ആർ ഷോബി, ബിഡിഒ വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

