പാലക്കാട്: കെഎസ്ആർടിസി സ്വിഫ്റ്റ് ആദ്യ പത്തുദിവസത്തെ വരുമാനക്കണക്ക് പുറത്തുവിട്ടതിന് പിന്നാലെ സ്വിഫ്റ്റിന്റെ ലാഭനഷ്ട കണക്കിൽ ചോദ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നേതാവ് വിടി ബൽറാം. സ്വിഫ്റ്റിന്റെ പത്ത് ദിവസത്തെ വരുമാനം 61 ലക്ഷമാണെന്ന് പറഞ്ഞ അധികൃതർ ഇതുവരെയുള്ള ചെലവ് സംബന്ധിച്ച കണക്കുകൾ എന്താണ് പുറത്തുവിടാത്തതെന്ന് ബൽറാം ചോദിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ബൽറാമിന്റെ പ്രതികരണം.
സ്വിഫ്റ്റിന് കീഴിലെ 30 ബസുകൾ ആദ്യ പത്ത് ദിവസം ഓടി പൂർത്തിയാക്കിയത് 1,26,818 കിലോമീറ്ററാണ്. അതായത് കിലോമീറ്ററിന് ശരാശരി 48 രൂപയാണ് സ്വിഫ്റ്റിന്റെ കളക്ഷൻ. ഇത്തരം ബസുകൾക്ക് 4 കിലോമീറ്ററിൽ താഴെ മാത്രമേ മൈലേജ് ലഭിക്കാൻ സാധ്യതയുള്ളൂ. എസി ഉണ്ടെങ്കിൽ മൈലേജ് പിന്നെയും കുറയും. 1,26,818 കിലോമീറ്റർ ഓടാൻ ഏതാണ്ട് 32,000 ലിറ്റർ ഡീസൽ ഇതിനോടകം ഉപയോഗിച്ചിട്ടുണ്ടാവും. ലിറ്ററിന് 103 രൂപ കണക്കാക്കിയാൽ ഏതാണ്ട് 33 ലക്ഷം രൂപ ഡീസലിന് മാത്രം ഇതുവരെ ചെലവ് വന്നിട്ടുണ്ടാകുമെന്നും ബൽറാം കുറിച്ചു.
ഇനി ജീവനക്കാരുടെ ശമ്പളച്ചെലവ്. ഒരു ബസിന് ശരാശരി 10 ജീവനക്കാരെ കണക്കാക്കാം. അപ്പോൾ 30 സ്വിഫ്റ്റ് ബസിനായി 300 ജീവനക്കാർ. ഇവർക്ക് ഒരു മാസത്തെ ശരാശരി ശമ്പളം 40,000 രൂപ. അതായത് 300 പേർക്ക് 40,000 വെച്ച് ഒരു മാസത്തെ ശമ്പളം 120 ലക്ഷം. പത്ത് ദിവസത്തെ ശമ്പളം അതിന്റെ മൂന്നിലൊന്നായ 40 ലക്ഷം രൂപ. വണ്ടികളുടെ തേയ്മാനവും ടാക്സ്, ഇൻഷുറൻസ് ഒന്നും പരിഗണിക്കാതെ കേവലം ഡീസൽ, ശമ്പളച്ചെലവ് പരിഗണിച്ചാൽത്തന്നെ 10 ദിവസം കൊണ്ട് 33+40= 73 ലക്ഷം ചെലവ് സ്വിഫ്റ്റ് ബസുകളുടെ നടത്തിപ്പിനായി വന്നിട്ടുണ്ടാകും. കാണാച്ചെലവുകൾ എല്ലാം പരിഗണിച്ചാൽ ഇത് ഒരു കോടിക്ക് മുകളിലേക്ക് പോകും. വണ്ടി വാങ്ങിയ ഇനത്തിലെ കടബാധ്യതയും അതിന്റെ പലിശച്ചെലവും ഇവിടെ പരിഗണിച്ചിട്ടില്ല. അതായത് 10 ദിവസത്തെ കേവലം ഓപ്പറേറ്റിംഗ് നഷ്ടം മാത്രം 12 ലക്ഷത്തോളം വരും, യഥാർത്ഥ നഷ്ടം 50 ലക്ഷത്തോളമാകുമെന്നും ബൽറാം പറഞ്ഞു.

