തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിതരണത്തിന്റെ കാര്യത്തിൽ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും മെയ് 5ന് മുമ്പ് ശമ്പളം കിട്ടിയില്ലെങ്കിൽ മെയ് 6 ന് പണിമുടക്കുമെന്നും ടിഡിഎഫും ബിഎംഎസും നിലപാട് അറിയിച്ചിട്ടുണ്ട്. അതേസമയം കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിനുള്ള പണം നൽകാൻ എല്ലാക്കാലത്തും സർക്കാരിന് കഴിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേർത്തു. തൊഴിലാളി യൂണിയനുകളുമായി തലസ്ഥാനത്ത് നടത്തിയ ചർച്ചക്ക് തൊട്ടുമുമ്പായിരുന്നു മന്ത്രിയുടെ പരാമർശനം.
ഈ മാസം 28 ന് പണിമുടക്ക് സമരം നടത്താനുള്ള തീരുമാനത്തിൽ നിന്ന് കെ എസ് ആർ ടി സി തൊഴിലാളി സംഘടനകൾ പിന്മാറി. ഗതാഗത മന്ത്രിയുമായി ഈ മാസം 25 ന് ചർച്ച നടത്താമെന്ന തീരുമാനം വന്ന സാഹചര്യത്തിലാണ് പണിുടക്ക് മാറ്റിച്ചത്. ശമ്പളത്തിന് 20 ഡ്യൂട്ടി വേണമെന്ന ഉത്തരവ് മരവിപ്പിച്ചു. 12 മണിക്കൂർ ഡ്യൂട്ടി പാറ്റേണും മരവിപ്പിച്ചു. ഈ സാഹചര്യത്തിൽ മെയ് 6 ലെ പണിമുടക്കിൽ മാറ്റമില്ലെന്ന് ടി ഡി എഫ് അറിയിച്ചു

