ന്യൂഡല്‍ഹി: മൂന്ന് വര്‍ഷമായി പാര്‍ട്ടി അവഗണിച്ചെന്ന് പരാതിപ്പെടുന്ന കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍, ഗുജറാത്ത് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിയെ പ്രശംസിച്ച് രംഗത്ത്. ”ബിജെപിയിലും ചില നല്ല കാര്യങ്ങള്‍ ഉണ്ട്, അവ അംഗീകരിക്കണം,”- ഹര്‍ദിക് പട്ടേല്‍ പറഞ്ഞു. കോണ്‍ഗ്രസിനും ഗുജറാത്ത് നേതൃത്വത്തിനും എതിരെ വിമര്‍ശനം ഉന്നയിച്ച പട്ടേല്‍ പക്ഷെ, ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത തള്ളി.”ബിജെപി രാഷ്ട്രീയമായി എടുത്ത സമീപകാല തീരുമാനങ്ങള്‍, അത്തരം നടപടികള്‍ സ്വീകരിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടെന്ന് നാം അംഗീകരിക്കണം. അവരുടെ പക്ഷം പിടിക്കുകയോ അവരെ പുകഴ്ത്തുകയോ ചെയ്യാതെ തന്നെ നമുക്ക് സത്യം അംഗീകരിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസ് ശക്തമാകണമെങ്കില്‍, തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും ശക്തിയും മെച്ചപ്പെടുത്തണം,” ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡണ്ടായി തുടരുമ്പോഴും പാര്‍ട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ല എന്നതായിരുന്നു ഹാര്‍ദിക്ക് പട്ടേല്‍ പാര്‍ട്ടിക്ക് എതിരായി ഉയര്‍ത്തിയ വിമര്‍ശനം. പട്ടേല്‍ സമുദായത്തിലെ തന്നെ മറ്റൊരു പ്രധാന നേതാവായ നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നതിന് പ്രശാന്ത് കിഷോര്‍ ചില നീക്കങ്ങള്‍ നടത്തിയതും ഹാര്‍ദിക്കിനെ പ്രകോപിപ്പിച്ചിരുന്നു.
കോണ്‍ഗ്രസ് അവഗണിച്ചു: ബിജെപിയിലേക്ക് ചേക്കേറാന്‍ ഹാര്‍ദിക് പട്ടേല്‍
