കേരള പോലീസിനെ കുറിച്ച് അറിയേണ്ടതെല്ലാമുണ്ട് കോഴിക്കോട് ബീച്ചിലെ പ്രദർശന വിപണന മേളയിൽ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബീച്ചിൽ ഒരുക്കിയ പോലീസ് വകുപ്പിന്റെ പ്രദർശനം കാഴ്ചക്കാരിൽ കൗതുകം തീർക്കുമെന്ന കാര്യം ഉറപ്പാണ്. ചിത്രങ്ങളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള വിവിധ തരം തോക്കുകളും ആയുധങ്ങളും വെടിയുണ്ടകളും പോലീസ് സേനയുടെ കരുത്ത് തെളിയിക്കുന്നതാണ്. പോലീസ് സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച വിവരങ്ങൾ, വിവിധ ആയുധങ്ങളുടെ പ്രദർശനം തുടങ്ങി പോലീസ് വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇവിടെ അറിയാം.
അണ്ടർ ബാരൽ ഗ്രനേഡ് ലോഞ്ചർ, സ്നൈപ്പെർ, റൈഫിൾ, 7.62 എംഎം ടിഎആർ, റൈഫിൾ 5.56 എംഎം എൻഎസ്എഎസ്, എ കെ 47, മൾട്ടി ഷെൽ ലോഞ്ചർ, വെടിക്കോപ്പുകൾ, വെടിയുണ്ടകൾ, ഗ്രനേഡ് എന്നിങ്ങനെ നിരവധി ആയുധങ്ങൾ നേരിട്ടുകാണാനും അവയുടെ പ്രവർത്തനം മനസ്സിലാക്കാനും സൗകര്യമുണ്ട്. വർഷങ്ങൾ പഴക്കമുള്ള വയർലെസ്സ് സിസ്റ്റങ്ങൾ, ബോംബ് സ്ക്വാഡിന്റെ ഉപകരണങ്ങൾ, ഫോറൻസിക് സംവിധാനത്തിന്റെ പ്രവർത്തന ഉപകരണങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കാഴ്ചക്കാരുടെ സംശയങ്ങൾക്ക് മറുപടിയുമായി വിദഗ്ധരായ പോലീസ് ജീവനക്കാരും സ്റ്റാളിൽ ഉണ്ട്. കേരള പോലീസ് അസിസ്റ്റന്റ് സംവിധാനം പരിചയപ്പെടുത്തുന്നതിന് പോലീസിന്റെ സൈബർ ഡോം ആൻഡ് ഡ്രോൺ ഫോറൻസിക് ലാബ് പ്രത്യേക സ്റ്റാൾ സജ്ജീകരിച്ചിട്ടുണ്ട്.
ഫിംഗർ പ്രിന്റ് ബ്യുറോ, ടെലികമ്മ്യൂണിക്കേഷൻ, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ്, ഫോറൻസിക് സയൻസ് ആൻഡ് ലബോറട്ടറി, മീഡിയ സെന്റർ തുടങ്ങിയ വിഭാഗങ്ങളുടെ സ്റ്റാളുകളാണ് ഇവിടെയുള്ളത്. അറിയാം പഠിക്കാം എന്ന പേരിൽ സംസ്ഥാന പോലീസ് മീഡിയ സെന്റർ ചോദ്യോത്തര മത്സരവും നടത്തുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ സ്ത്രീകളും കുട്ടികളും നേരിടാൻ ഇടയുള്ള അതിക്രമങ്ങൾ തടയുന്നതിന് അവരെ പ്രാപ്തരാക്കുന്ന പോലീസിന്റെ സ്വയം പ്രതിരോധ പാഠങ്ങൾ പഠിക്കാനും തിരക്ക് ഏറെയാണ്.
ആവശ്യക്കാർക്ക് അവരുടെ സ്ഥലത്തുചെന്ന് സൗജന്യമായി ക്ലാസ് നൽകാനും വനിതാ പോലീസുകാർ തയ്യാറാണ്. മേളക്ക് തലയെടുപ്പേകി തണ്ടർ ബോൾട്ടിന്റെയും പോലീസിന്റെയും വാഹനങ്ങളും പ്രദർശനമേളയിലുണ്ട്.
നക്സൽ ബാധിത മേഖലകളിൽ ഉപയോഗിക്കുന്ന കവചിത വാഹനം, മലമ്പ്രദേശങ്ങളിലും ചെരിവുകളിലും യാത്ര ചെയ്യാവുന്ന ഗൂർഖ, പൊളാരിസ് വാഹനങ്ങൾ, മൊബൈൽ കമ്മ്യൂണിക്കേഷൻ തടസ്സപ്പെടുത്താനുള്ള ജാമർ വാഹനം എന്നിവയും ജനശ്രദ്ധ ആകർഷിക്കുന്നു. ദിവസവും വൈകുന്നേരം പ്രദർശന നഗരിയിൽ പോലീസ് നായ്ക്കളുടെ അഭ്യാസ പ്രകടനവും കാണാം. പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പോലീസ് മീഡിയാ സെന്ററിനാണ് സ്റ്റാളുകളുടെ ഏകോപനച്ചുമതല.

