കൊളംബോ: ജനാഭിലാഷം നിറവേറ്റാന്‍ എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിവയുടെ നല്ല വശങ്ങള്‍ ഉള്‍പ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാമെന്ന നിര്‍ദേശവുമായി ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്സെ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാരിനെതിരേ പ്രക്ഷോഭം നടക്കുന്നതിനിടെയാണു മഹീന്ദ പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്. ജനങ്ങളോട് ഉത്തരവാദിത്തം പുലര്‍ത്തുന്ന സര്‍ക്കാര്‍ വേണമെന്നു വിവിധ മേഖലകളില്‍നിന്ന് ആവശ്യമുയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, അടിയന്തര ധനസഹായം നല്‍കണമെന്നു ശ്രീലങ്ക ഐ.എം.എഫിനോട് അഭ്യര്‍ഥിച്ചു. ശ്രീലങ്കന്‍ ധനമന്ത്രി അലി സാബ്രിയുടെ നേതൃത്വത്തിലുള്ള സംഘം വാഷിങ്ടണിലെത്തി ഐ.എം.എഫ്. പ്രതിനിധികളുമായി ചര്‍ച്ച തുടങ്ങി. പ്രതിസന്ധി തരണംചെയ്യാനായി അടുത്ത മൂന്നു മാസത്തിനുള്ളില്‍ ഐ.എം.എഫ്, ലോകബാങ്ക്, ഇന്ത്യ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍നിന്നായി 300 കോടി ഡോളര്‍ സമാഹരിക്കാനാണു ശ്രീലങ്ക ലക്ഷ്യമിടുന്നത്.
അതിനിടെ ലങ്കയ്ക്കു നല്‍കുന്ന സഹായം തുടരുമെന്നു കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. വാഷിങ്ടണില്‍ ഐ.എം.എഫ്-ലോകബാങ്ക് സംയുക്തയോഗത്തിനിടെ ലങ്കന്‍ ധനമന്ത്രി അലി സാബ്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടമെന്ന നിലയില്‍ 150 കോടി ഡോളറിലധികം ശ്രീലങ്കയ്ക്ക് ഇന്ത്യ സഹായമായി കൈമാറിയിരുന്നു. ഇന്ധനം, മരുന്ന്, ഭക്ഷ്യോത്പന്നങ്ങള്‍ തുടങ്ങിയവയുടെ ക്ഷാമം പരിഹരിക്കാനാണ് ഈ തുക നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയിലാഴ്ന്ന ശ്രീലങ്കയെ കരകയറ്റാനുള്ള ഇന്ത്യയുടെ ഉദ്യമങ്ങളെ ഐ.എം.എഫ്. മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ അഭിനന്ദിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

