കുറ്റിക്കാട്ടൂര്‍ ജംഗ്ഷന്‍ ഗതാഗതക്കുരുക്ക്; പരിഹാര നടപടികള്‍ ആരംഭിച്ചു

മെഡിക്കല്‍ കോളജ് – മാവൂര്‍ റോഡില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന കുറ്റിക്കാട്ടൂര്‍ ജംഗ്ഷനില്‍ ഗതാഗതകുരുക്ക് പരിഹരിക്കാനുള്ള പദ്ധതിയുടെ പ്രാഥമിക നടപടികള്‍ക്ക് തുടക്കമായി. പി.ടി.എ റഹീം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദ പദ്ധതി തയ്യാറാക്കുന്നതിന് സ്ഥലം സന്ദര്‍ശിച്ചു.

വാഹനപ്പെരുപ്പംമൂലം വീര്‍പ്പുമുട്ടുന്ന കുറ്റിക്കാട്ടൂര്‍ ടൗണില്‍ പ്രാഥമികമായ ക്രമീകരണങ്ങള്‍ വരുത്തുന്നതിന് ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രവൃത്തിയുടെ ഭാഗമായി നഗരത്തിൽ ഇന്‍റര്‍ലോക്ക് സ്ഥാപിക്കല്‍, ബസ് ബേ നിര്‍മ്മിക്കല്‍, ഗതാഗത നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തല്‍ തുടങ്ങിയവ നടത്തുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

സി.ഡബ്ല്യു.ആര്‍.ഡി.എം വരിട്ട്യാക്കില്‍ റോഡ് തുറന്നുകൊടുത്തതോടെ കുന്ദമംഗലം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിച്ചതിന് സമാനമായി കുറ്റിക്കാട്ടൂര്‍ ജംഗ്ഷനിലും ഗതാഗതം തിരിച്ചുവിട്ട് ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരം കാണുന്ന രീതിയിലുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്.

പെരിങ്ങളം അങ്ങാടിയില്‍ ഡ്രൈനേജ് പൂര്‍ത്തീകരണം, മരം മുറിക്കല്‍ തുടങ്ങിയവ പൂര്‍ത്തീകരിക്കുന്നതില്‍ ചില പ്രശ്നങ്ങള്‍  നിലനില്‍ക്കുന്നതിനാല്‍ ആയത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. കുറ്റിക്കാട്ടൂര്‍ ടൗണിന് ബൈപ്പാസ് നിര്‍മ്മിക്കുന്നതോടെ കുന്ദമംഗലം ടൗണില്‍ പ്രവേശിക്കാതെ വാഹനങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് ഭാഗത്തേക്കും കോഴിക്കോട് നഗരത്തിലേക്കും പ്രവേശിക്കാന്‍ സാധിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.  

പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സി.എൻജിനീയര്‍ എന്‍ ശ്രീജയന്‍,  അസി. എൻജിനീയര്‍ വി.പി വിജയകൃഷ്ണന്‍, ഓവര്‍സിയര്‍ എം ജയകുമാര്‍, എം.കെ മാമുകോയ, കെ മോഹനന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

Share
അഭിപ്രായം എഴുതാം