കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോഴിക്കോട് നടത്തിയ പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്തു.
ഈ വര്‍ഷത്തെ ലോകാരോഗ്യ ദിന സന്ദേശമായ ‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്ന ആശയത്തിന് ഊന്നല്‍ നല്‍കുന്ന രീതിയിലാണ് വിഷയങ്ങള്‍ അവതരിപ്പിച്ചത്. ആരോഗ്യ മേഖലയില്‍ നടപ്പാക്കുന്ന കാലാവസ്ഥാ അനുകൂല മാറ്റങ്ങള്‍, പ്രകൃതിയോട് ഇണങ്ങുന്ന രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, നൂതന ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, സോളാറിന്റെ ഉപയോഗം, മഴവെള്ള സംഭരണം, സൗരോര്‍ജത്തിന്റെ ഉപയോഗം, ആശുപത്രിയില്‍ പച്ചപ്പ് ഉറപ്പു വരുത്തല്‍, സീറോ വേസ്റ്റ് പദ്ധതി, നോ കാര്‍ബന്‍ എമിഷന്‍ എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു. കൂടാതെ വിവിധ സംസ്ഥാനങ്ങള്‍ നടപ്പാക്കിയ മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ച് സെമിനാറില്‍ പ്രതിപാദിച്ചു.
കേരളത്തിലെ വിവിധ ജില്ലകളിലെ ആരോഗ്യസ്ഥാപനങ്ങളും അന്യസംസ്ഥാനങ്ങളും നടപ്പാക്കിയ കാലാവസ്ഥാ അനുകൂല പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു. എന്‍.പി.സി.സി.എച്ച്.എച്ച്, ലോകാരോഗ്യ സംഘടന, ആരോഗ്യ വകുപ്പ്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് സെമിനാറില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 65 പേര്‍ അടങ്ങുന്ന സംഘം മലപ്പുറം, വയനാട് ജില്ലകളിലെ ആരോഗ്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു.
ഉദ്ഘാടന ചടങ്ങില്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, എന്‍.പി.സി.സി.എച്ച്.എച്ച് മേധാവി ഡോ. ആകാശ് ശ്രീവാസ്തവ, ആരോഗ്യ വകുപ്പ് അഡി. ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, എന്‍.സി.ഡി.സി ഡയറക്ടര്‍ ഡോ. സുജീത് കെ. സിങ്, ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. റോഡറിക്കോ ഒഫ്രീന്‍, എം.ഒ.എച്ച്.എഫ്.ഡബ്ല്യൂ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ തുങ്ങിയവര്‍ പങ്കെടുത്തു.

