ന്യൂഡൽഹി: യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷ ലഭിച്ച പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ കേന്ദ്രം നയതന്ത്ര തലത്തിൽ നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പടുവിച്ച ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ടാണ് സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിരിക്കുന്നത്.
വധശിക്ഷയ്ക്കെതിരേ അപ്പീൽ നൽകുന്നതിന് നിമിഷ പ്രിയക്കും ബന്ധുക്കൾക്കും എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഈ ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ സിംഗിൾ ബെഞ്ച് സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നൽകിയ ഹർജി തീർപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ യമനിലെ നിലനിൽക്കുന്ന രാഷ്ട്രീയ സാമൂഹിക സ്ഥിതികളുടെ പശ്ചാത്തലത്തിൽ കേന്ദ്രം തന്നെ നയതന്ത്ര തലത്തിൽ നേരിട്ട് ഇടപെട്ടാൽ മാത്രമേ നിമിഷ പ്രിയയുടെ ജീവൻ രക്ഷിക്കാൻ കഴിയുകയുള്ളൂ എന്നാണ് കൗൺസിലിന് വേണ്ടി അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ ഫയൽ ചെയ്ത അപ്പീലിൽ വ്യക്തമാക്കിയിരിക്കുന്നത്.
കൊല്ലപ്പെട്ട യമൻ പൗരന്റെ ബന്ധുക്കളുമായി ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തത്തുന്നതിന് പോകുന്ന ഇന്ത്യൻ സംഘത്തിന് യാത്രാനുമതി നൽകുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബ്ലഡ് മണി ഇന്ത്യയിൽ നിയമ വിധേയമല്ലാത്തതിനാൽ അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കാൻ സർക്കാരിന് നിർദേശം നൽകാൻ കഴിയില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഉത്തരവിലെ ഈ ഭാഗവും ഭേദഗതി ചെയ്യണമെന്ന് അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. യെമനിൽ ബ്ലഡ് മണി നിയമ സംവിധാനത്തിന്റെ ഭാഗമായതിനാൽ സർക്കാർ നയതന്ത്ര തലത്തിൽ ഇടപെടുന്നത് നിയമവിരുദ്ധമല്ലെന്നാണ് അപ്പീലിൽ വിശദീകരിച്ചിരിക്കുന്നത്.