തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥികളുടെ ലഹരി ഉപയോഗത്തിനെതിരെ പരാതി കൊടുത്തതിന് യുവാവിനെ മർദ്ദിച്ചതായി പരാതി. വർക്കല സ്വദേശി അനുവിനെയാണ് കഴിഞ്ഞ ആഴ്ച ചാവടിമുക്ക് ജംഗ്ഷനിൽ വച്ച് വിദ്യാർത്ഥികൾ മർദ്ദിച്ച് അവശനാക്കിയത്.
അനുവിന്റെ വീടിന്റെ പരിസരത്തുള്ള സ്കൂളിലെ ചില പ്ലസ് ടു വിദ്യാർത്ഥികൾ ലഹരി ഉപയോഗവും ബൈക്ക് റൈസും നടത്തിയിരുന്നു. ഇതിനെ പ്രദേശവാസികൾ പല തവണ ചോദ്യം ചെയ്യുകയും നിർത്താതായതോടെ സ്കൂളിൽ പരാതി കൊടുക്കുകയും ചെയ്തു. എന്നിട്ടും പ്രശ്ന പരിഹാരം ഇല്ലാതായതോടെ അനുവിന്റെ നേതൃത്വത്തിൽ പ്രദേശത്തെ 40 പേർ ഒപ്പിട്ട പരാതി പൊലീസിന് കൈമാറി. ഇതിൽ പ്രകോപിതരായ ഒരു സംഘം വിദ്യാർത്ഥികൾ അനുവിന്റെ വീട്ടിന് മുന്നിലെത്തി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലും വർക്കല ഡിവൈഎസ്പിക്ക് പരാതി നൽകിയ തായി അനു പറയുന്നു. ഇതേത്തുടർന്ന് 2022 മാർച്ച് 31 ന് രാത്രി 10.30 ന് അനുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
മർദ്ദനമേറ്റ് വീണ അനുവിനെ നാട്ടുകാർ ചേർന്നാണ് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ അനുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ആയിരൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു

