പാറശാല ബ്ലോക്ക് പഞ്ചായത്തിൽ സൗജന്യ കലാപരിശീലന ക്ലാസിന് തുടക്കം

**വിൽപ്പാട്ട്, ചിത്രരചന എന്നിവയിൽ പരിശീലനം

പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കുട്ടികൾക്കായി അവധിക്കാല സൗജന്യ കലാപരീശീലന ക്ലാസുകൾ ആരംഭിച്ചു. പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി വിൽപ്പാട്ട്, ചിത്രരചന എന്നിവയിലാണ് പരിശീലനം നൽകുന്നത്. പരിപാടിയുടെ ആദ്യഘട്ടത്തിൽ പാറശാല ഗ്രാമപഞ്ചായത്തിലുള്ള കുട്ടികൾക്കാണ് ക്ലാസുകൾ ആരംഭിച്ചത്. ഫെല്ലോഷിപ്പിന്റെ ഭാഗമായി പരിശീലനം നേടിയ കലാകാരന്മാരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ.   

ബ്ലോക്ക് പരിധിയിലുള്ള മറ്റ് അഞ്ച് പഞ്ചായത്തുകളിലും പരിശീലന പരിപാടി വരും ദിവസങ്ങളിൽ സംഘടിപ്പിക്കും. സാംസ്‌കാരിക കലകൾക്ക് പുറമെ വാദ്യോപകരണങ്ങളുടെ പരിശീലനവും ലഭ്യമാക്കുമെന്നും പ്രായഭേദമന്യേ എല്ലാവർക്കും പരിശീലന പരിപാടിയിൽ പങ്കാളികളാകാനുള്ള അവസരമൊരുക്കുമെന്നും പ്രസിഡന്റ് എസ്. കെ. ബെൻഡാർവിൻ പറഞ്ഞു. സ്‌കൂളുകളിൽ അധ്യയനം തുടങ്ങുമ്പോൾ പരിശീലന ക്ലാസുകൾ അവധി ദിവസങ്ങളിലായി ക്രമീകരിക്കും.

ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുസ്മിത അധ്യക്ഷയായിരുന്നു. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത്  പ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, കലാപരിശീലകർ എന്നിവരും പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →