കട്ടപ്പന : ഒരു വിവരാവകാശ പ്രവര്‍ത്തകന്‍ കുടിവെളള പദ്ധതിക്കെതിരെ നല്‍കിയ പരാതിക്കു പിന്നില്‍ കട്ടപ്പന നഗരസഭയിലെ ഏതോ കൗണ്‍സിലര്‍ ആണെന്ന തരത്തില്‍ കട്ടപ്പന നഗരസഭാ കൗണ്‍സിലര്‍ ഷാജി കൂത്തോടി നടത്തിയ പ്രസ്‌താവന തികച്ചും പ്രതിഷേധാത്മകമാണെന്ന് പരാതിക്കാരനായ കെ.പി.ഫിലിപ്പ് പ്രസ്‌താവനയില്‍ പറഞ്ഞു. താന്‍ കഴിഞ്ഞ മൂന്നുപതിറ്റാണ്ട് കാലമായി കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകനും വിരാവകാശ പ്രവര്‍ത്തകനും ആണ്. വര്‍ഷങ്ങളായി അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അവയൊന്നും ആരുടെയും പിണിയാളായി പ്രവര്‍ത്തിച്ചു കൊണ്ടായിരുന്നില്ല. കുടിവെളള പദ്ധതിക്കെതിരെയുളള നികൃഷ്ട പ്രവര്‍ത്തിയെന്ന തരത്തിലായിരുന്നു കൗണ്‍സിലറുടെ പരാമര്‍ശം . കൗണ്‍സിലറുടെ പരാമര്‍ശം തികച്ചും അപകീര്‍ത്തികരവും കാര്യങ്ങള്‍ മനസിലാക്കാതെയുമാണ്. ആര്‍ക്കെങ്കിലും വേണ്ടി പരാതി നല്‍കുന്ന പരാതി തൊഴിലാളിയല്ല താനെന്നും തനിക്കെതിരെയുളള കൗണ്‍സിലറുടെ പ്രസ്‌താവന പിന്‍വലിക്കണമെന്നും കെ.പി.ഫിലിപ്പ് ആവശ്യപ്പെട്ടു.
ഏതെങ്കിലും പരാതി താന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അത് സ്വന്തം താല്‍പര്യപ്രകാര മാണെന്നും , പരാതി കുടിവെളള പദ്ധതിക്കെതിരെയായിരുന്നില്ല തന്റെ പരാതിയെന്നും, മറിച്ച് കുടിവെളള പദ്ധതിയുടെ പേരില്‍ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ അതിര്‍ത്തിക്കുളളില്‍ നിര്‍മാണാനുമതിയില്ലാതെ ഷെഡ് നിര്‍മിച്ചതിനെതിരെ ആയിരുന്നു തന്റെ പരാതിയെന്നും ഫിലിപ്പ് പറഞ്ഞു. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയതിനാലാണ് പൊതുമരാമത്ത് വകുപ്പ് ഷെഡ് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചതും നിര്‍മാണത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയതും.
കട്ടപ്പനയിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട ഒരു ദേശീയ പാതയെയും രണ്ട് സംസ്ഥാന പാതകളേയും ബന്ധിപ്പിക്കുന്ന ബൈപ്പാസാണ് നത്തുകല്ല് -കക്കാട്ടുകട റോഡ്. ആ റോഡിന് 12 മീറ്റര്‍ സര്‍വേയാണുളളത് . ഈ 12 മീറ്റര്‍ സര്‍വേയുടെ അതിര് ചേര്‍ത്ത് ഷെഡ് നിര്‍മിക്കുന്നതിന് പകരം റോഡിന്റെ നടുക്ക് ടാര്‍ സൈഡില്‍ നിന്നും 10 അടിപോലും മാറ്റാതെ ഷെഡ് നിര്‍മിച്ചതിലാണ് പരാതിയുളളത്. അത് ശരിയാണെന്ന് പൊതുമരാമത്ത് വകുപ്പിന് ബോധ്യപ്പെടുകയും ചെയ്‌തിട്ടുളളതാണ്.
ഇത്തരത്തില്‍ റോഡിന് നടുവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് റോഡിന്റെ ഭാവി വികസന പരിപാടികളെ സാരമായി ബാധിക്കുമെന്നതിനാലാണ് റോഡിന്റെ അതിര്‍ത്തി ചേര്‍ന്ന് നിര്‍മാണം നടത്താന്‍ ആവശ്യപ്പെടുന്നത്. അതിന് ഏതോ വനിതാ കൗണ്‍സിലറുടെ പിണിയാളായി പ്രവര്‍ത്തിക്കുന്നു എന്ന കൗണ്‍സിലര്‍ ഷാജി കൂത്തോടിയുടെ പ്രസ്‌താവന പ്രതിഷേധാത്മകമാണെന്നും യഥാര്‍ത്ഥ വസ്‌തുത മനസിലാക്കി റോഡിന്റെ വികസനത്തിന് തടസം സൃഷ്ടിക്കാത്ത വിധത്തില്‍ നിര്‍മാണം പ്രവര്‍ത്തനം നടത്തുകയെന്നത് കൗണ്‍സിലറുടെ കൂടെ ഉത്തരവാദിത്തമാണെന്നും ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.

