കൊച്ചി: കെ റെയിലിനെതിരെ പ്രതിഷേധിക്കുന്ന സാധാരണ മനുഷ്യരേയും അവരെ പിന്തുണയ്ക്കുന്ന പൊതു പ്രവർത്തകരേയും കായികമായും മാനസികമായും അക്രമിക്കുന്നത് നിർഭാഗ്യകരമാണെന്ന് സുംസ്കാരിക പ്രവർത്തകരുടെ പ്രസ്താവന.
പ്രസ്താവനയുടെ പൂർണരൂപം:
“കെ റെയിലിനെതിരെ പ്രതിഷേധിക്കുന്ന സാധാരണ മനുഷ്യരേയും അവരെ പിന്തുണയ്ക്കുന്ന സാംസ്കാരിക – സാമൂഹിക പ്രവർത്തകരേയും കായികമായും മാനസികമായും അക്രമിക്കുന്നത് അവസാനിപ്പിക്കാൻ ഇടതുപക്ഷ മുന്നണി നേതൃത്വം ഇടപെടണം . ജനാധിപത്യത്തിന്റെ കരുത്ത് വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശമാണെന്ന് നിരന്തരം സമരം ചെയ്തിരുന്നവർ തന്നെ മറന്നു പോകുന്നത് നിർഭാഗ്യകരമാണ് .
കെ റെയിൽ പദ്ധതിയുടെ നേട്ടങ്ങൾ അവതരിപ്പിക്കുന്നതിനേക്കാൾ, ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരായി സമരത്തിനിറങ്ങിയ മനുഷ്യരെ പരിഹസിക്കുകയും, സമരത്തെ പിന്തുണയ്ക്കുന്നവർക്കെതിരെ അപവാദ പ്രചരണം നടത്തുകയുമാണ് ഭരണാനുകൂലികൾ ചെയ്യുന്നത്. ഇവരിൽ പാർട്ടി സൈബർ പോരാളികൾ മാത്രമല്ല ഉത്തരവാദിത്തമുള്ള മന്ത്രിമാരും, ഭരണപക്ഷ നേതാക്കളുമുണ്ട്.
ജനകീയ സമരങ്ങളെ ദുർബ്ബലപ്പെടുത്തുന്നതിന് മത – സാമുദായിക സംഘടനകളാണ് സമരത്തിന് പിന്നിൽ എന്ന് ആരോപിക്കുന്നത് കേരളത്തിൽ ഒരു പതിവായിരിക്കുകയാണ്. ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാതാ വികസനം, വല്ലാർപ്പാടം ടെർമിനൽ, കരിമണൽ ഖനനം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികൾക്കെതിരെയുള്ള സമരങ്ങളിലും ഈ ആരോപണം ഉയർന്നു കേട്ടിരുന്നു. മുസ്ലിം തീവ്രവാദ സംഘടനകളാണ് അല്ലെങ്കിൽ സംഘപരിവാറാണ് എതിർപ്പിന് പിറകിൽ എന്നോ, രണ്ടാമതൊരു വിമോചന സമരത്തിന്റെ തയ്യാറെടുപ്പാണ് എന്നോ ആരോപിച്ചാൽ ജനവിരുദ്ധമായ ഏതു പദ്ധതിക്കും സ്വീകാര്യത ലഭിക്കുമെന്നവർ കരുതുന്നു. ഇത് ഒരു മതേതര – ജനാധിപത്യ സമൂഹത്തിന് അപമാനമാണ്.
പ്രകൃതിദുരന്തങ്ങളിലും, ജനകീയ സമരങ്ങളിലും പിന്തുണയുമായി എത്തുന്നവരെ മതം, ജാതി, രാഷ്ട്രീയം എന്നിവ നോക്കി വേർതിരിച്ച് മാറ്റി നിർത്താനാവില്ല. സമൂഹത്തെ ആകെ ബാധിക്കുന്ന വിഷയങ്ങളിൽ മനുഷ്യർ വിഭാഗീയതകൾ മറന്നു ഐക്യപ്പെടുന്നത് സ്വാഭാവികം മാത്രമാണ്. കെ റെയിൽ വിരുദ്ധ സമരത്തിൽ ഈ ഐക്യപ്പെടൽ വളരെ പ്രകടമാണ്. ഇപ്പോൾ സമരത്തിനെതിരെ ഉന്നയിക്കുന്ന മുഖ്യമായ ആരോപണം സമര സംഘാടകനും മുസ്ലിംലീഗ് നേതാവുമായ ടി ടി ഇസ്മായിൽ പിന്തുണയുമായെത്തിയ ബി ജെ പി യുടെ ജാഥയെ അഭിവാദ്യം ചെയ്തു എന്നതാണ്. അടിയന്തിരാവസ്ഥയ്ക്കെതിരെയുള്ള സമരത്തിലും, ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിലും ഇടതുപക്ഷ നേതാക്കൾ വലതുപക്ഷമെന്നു വിളിക്കപ്പെടുന്ന സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചതും, പരസ്പരം വേദി പങ്കിട്ടതും നാം കണ്ടതാണ്. എന്നാൽ കെ റെയിൽ വിരുദ്ധ സമരത്തിൽ മാത്രം അങ്ങനെ സംഭവിച്ചു കൂടെന്നത് വിചിത്ര വാദമാണ്. മാത്രമല്ല ഉത്തരവാദപ്പെട്ട ഒരു സമര നേതാവ് തനിക്ക് യോജിപ്പില്ലാത്തവരെ അഭിസംബോധന ചെയ്യാതിരിക്കുന്നതാണ് ജനാധിപത്യവിരുദ്ധവും അസ്വാഭാവികവും ആകുക.
മനുഷ്യരിൽ വിഭാഗീയതയ്ക്കപ്പുറം മാനവികതയും ജനാധിപത്യ ബോധവും വളരുന്നത് ഒരുമിച്ച് ദുരന്തങ്ങളെ നേരിടുമ്പോഴും അതിജീവനത്തിനായി സമരം ചെയ്യുമ്പോഴുമാണ്. ഒരു സമൂഹമെന്ന നിലയിൽ നാം ആർജ്ജിച്ച മതേതര ഐക്യവും ജനാധിപത്യ ബോധവും ബഹുസ്വരതയും ജനകീയ സമരങ്ങളിലൂടെ നിർമ്മിക്കപ്പെട്ടതാണെന്ന് മറക്കരുത് . പൊതുലക്ഷ്യങ്ങൾക്കായുള്ള സമരങ്ങളിലൂടെ, വൈജാത്യങ്ങളെയും വിഭാഗീയതകളേയും മറികടന്ന്, ഒരു ജനാധിപത്യ സമൂഹത്തെ രൂപപ്പെടുത്താൻ കഴിയുമെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തിയത് സാക്ഷാൽ മഹാത്മാഗാന്ധി തന്നെയാണല്ലോ. ആ പാരമ്പര്യത്തെയാണ് ഒരു മുതലാളിത്ത – കോർപ്പറേറ്റ് പദ്ധതി നടപ്പാക്കുന്നതിലൂടെ ലഭിക്കുന്ന രാഷ്ട്രീയ – സാമ്പത്തിക ലാഭത്തിനു വേണ്ടി തകർക്കാൻ ശ്രമിക്കുന്നത് . മതേതര ജനാധിപത്യ ബോധമുള്ള എല്ലാ പൗരന്മാരും ഈ ദുഷ്പ്രവണതയ്ക്കെതിരെ ശബ്ദിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു.
മതേതര കേരളത്തിന് അഭിമാനമാണ് കാട്ടിലപീടിക എന്ന പ്രദേശം. അഞ്ഞൂറ്റി അമ്പതിൽപരം ദിവസങ്ങളായി കെ – റെയിലിനെതിരെ സത്യാഗ്രഹം ചെയ്യുന്ന ഈ ഗ്രാമത്തിന്റെ സവിശേഷത തോളോട് തോൾ ചേർന്ന് നിൽക്കുന്ന ഒരു അമ്പലവും പള്ളിയുമാണ്. അമ്പലത്തിൻ്റെ പ്രദക്ഷിണവഴിക്ക് ആനയെ എഴുന്നെള്ളിക്കാനുള്ള സൗകര്യമില്ലെന്ന് കണ്ട് പള്ളിയുടെ ചുറ്റുമതിൽ പൊളിച്ച് വഴിയൊരുക്കിയ പാരമ്പര്യമാണ് കാട്ടിലെ പീടികയ്ക്കുള്ളത്. ഹിന്ദു – മുസ്ലിം സമുദായ സംഘടനകളും, ഇടതു പ്രസ്ഥാനങ്ങളടക്കം അറിയപ്പെടുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ ചെറിയ പ്രദേശത്തുണ്ട്. അവർ തമ്മിലും ജനാധിപത്യപരമായ സൗഹൃദവും പുലർത്തിപ്പോരുന്നു. മതത്തിന്റെയോ ജാതിയുടേയോ രാഷ്ട്രീയത്തിന്റെയോ പേരിൽ ഒരു അക്രമവും വഴിവിട്ട തർക്കവും ഉണ്ടായിട്ടില്ലെന്നതാണ് ഈ നാടിന്റെ ചരിത്രം. ആ നന്മയിലാണ് വർഗ്ഗീയതയുടെ വിഷം കുത്തിവെക്കാൻ കെ റെയിലിനു വേണ്ടി പ്രചാരണം നടത്തുന്നവർ ശ്രമിക്കുന്നത് . മറ്റിടങ്ങളിലേക്കും ഈ വിഭജന തന്ത്രം വ്യാപിപ്പിക്കുന്നതായി അറിയുന്നു . സാമുദായിക ധ്രുവീകരണത്തിന് ഇടയാക്കുന്ന ഈ അപകടം പിടിച്ച കളി’ തീ കൊണ്ട് തല ചൊറിയുന്നതിനു ‘ തുല്യമാണെന്നും , ഇത്തരം വർഗ്ഗീയ പ്രചാരണങ്ങളിൽ നിന്ന് അണികളെ തടയണമെന്നും, കെറെയിലിനെതിരെയുള്ള സമരത്തോട് ജനാധിപത്യപരമായി സംവദിക്കാനും, ജനഹിതവും കേരളത്തിന്റെ ഭാവിയും കണക്കിലെടുത്ത് പദ്ധതിയിൽ നിന്ന് പിന്മാറാനും ഞങ്ങൾ അഭ്യർഥിക്കുന്നു.”
താഴെ പറയുന്നവരാണ് പ്രസ്താവനയിൽ ഒപ്പു വച്ചത്,
1) കെ ജി ശങ്കരപ്പിള്ള
2) ഡോ വി എസ് വിജയൻ
3) എം എൻ കാരശ്ശേരി
5) കൽപ്പറ്റ നാരായണൻ
6) സിവിക് ചന്ദ്രൻ
7) കെ അരവിന്ദാക്ഷൻ
8) മാമുക്കോയ
9) കെ അജിത
10) സി ആർ പരമേശ്വരൻ
11) യു കെ കുമാരൻ
12) ജമാൽ കൊച്ചങ്ങാടി
13) എം എ റഹ് മാൻ
14) ജെ ദേവിക
15) പ്രൊഫ. എം പി മത്തായി
16) സി എഫ് ജോൺ
17) ഡോ . ആർസു
18) വീരാൻകുട്ടി
19) എം എം സചീന്ദ്രൻ
20) എ പി കുഞ്ഞാമു
21) വി ടി ജയദേവൻ
22) പി ഇ ഉഷ
23) ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ
24) വി . ജി . തമ്പി
25) കുസുമം ജോസഫ്
26) ആർ ശ്രീധർ ( തണൽ)
27) ഉഷ എസ്
28) സി ആർ നീലകണ്ഠൻ
29) ഡോ കെ ശ്രീകുമാർ
30) ജി ഗോമതി
31) മധുരാജ്
32) ജോൺ പെരുവന്താനം
33) ഡോ ആസാദ്
34) ഡോ . വടക്കേടത്ത് പത്മനാഭൻ
35) ടോമി മാത്യു
36) ഡോ അസീസ് തരുവണ
37) മൃദുലാദേവി എസ്
38) ഹാഷിം ചേന്നപ്പള്ളി
39) ബാബുരാജ് എം പി
40) എസ് രാജീവൻ
41) കെ ജി ജഗദീശൻ
42) സണ്ണി പൈകട
43) ടി വി രാജൻ
44) ഇ .കെ. ശ്രീനിവാസൻ
45) എൻ വി ബാലകൃഷ്ണൻ
46) പി കെ പ്രിയേഷ് കുമാർ
47) അഡ്വ. വിനോദ് പയ്യട
48) അഡ്വ. ജോർജ്കുട്ടി കടപ്ലാക്കൻ
49) അഡ്വ. പി റജിനാർക്ക്
50) യു രാമചന്ദ്രൻ
51) ശരത് ചേലൂർ
52) വിജയരാഘവൻ ചേലിയ

