തിരുവനന്തപുരം: കേരള ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്‌ക്കുന്ന വിവാദ ഓര്‍ഡിനന്‍സ് മന്ത്രിസഭാ യോഗത്തില്‍ പുനര്‍ വിളംബരം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സിപിഐ മന്ത്രിമാര്‍ എതിര്‍ത്തു. രാജ്യത്തെ ഏറ്റവും ശക്തമായ കേരള ലോകായുക്ത നിയമത്തില്‍ വെളളം ചേര്‍ക്കുന്നത് ശരിയല്ലെന്ന പാര്‍ട്ടി നിലപാട് കെ.രാജന്‍റെ നേതൃത്വത്തിലാണ് സിപിഐ മന്ത്രിമാര്‍ വ്യക്തമാക്കിയത്. ഓര്‍ഡിനന്‍സിന് മന്ത്രിസഭ തീരുമാനിച്ചത് തിടുക്കത്തിലായിപോയി എന്നും അന്ന് നിലപാട് വ്യക്തമാക്കാന്‍ സാധിച്ചില്ലയെന്നും ഇടതുപക്ഷ സര്‍ക്കാര്‍ പാസാക്കിയ 98 ലെ ലോകായുക്ത നിയമം ഇടതുപക്ഷത്തിന്‍റെ അഴിമതി വിരുദ്ധ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നുവെന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ നിയമ സഭയില്‍ ബില്ലായി അവതരിപ്പിക്കുന്നതിന് മുമ്പ് തുറന്ന ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രിയും മറ്റ് രണ്ട് സിപിഎം മന്ത്രിമാരും വ്യക്തമാക്കിയതോടെ സിപിഐ മന്ത്രിമാര്‍ അനുകൂലിക്കുകയും ചെയ്‌തു. തുടര്‍ന്ന് ലോകായുക്ത ഭേതഗതി ഉള്‍പ്പടെ കാലാവധി തീരുന്ന ഒമ്പത് ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ബില്ലായി വരുമ്പോള്‍ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാമല്ലോയെന്ന് മന്ത്രി പി.രാജീവും പറഞ്ഞു. കാലാവധി തീര്‍ന്ന ഓര്‍ഡിനന്‍സുകള്‍ പുനര്‍ വിളംബരം ചെയ്യണമെന്നും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്‌പ്പെടരുതെന്നും രാജീവ് പറഞ്ഞു. മറ്റ് ഓര്‍ഡിനന്‍സുകളുടെ കൂട്ടത്തില്‍ ഇതും പുനര്‍ വിളംബരം ചെയ്യാന്‍ സഹകരിക്കണമെന്നും ബില്‍ വരും മുമ്പ് തുറന്ന ചര്‍ച്ചയാവാമെന്നും മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍ദ്ദേശിച്ചു. ബില്‍ വരുമ്പോള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രിയും പറഞ്ഞതോടെ സിപിഐ മന്ത്രിമാര്‍ വഴങ്ങുകയായിരുന്നു.